പൊന്നാനി : ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിൽ പെയ്ന്റ് ചെയ്യുന്നതിന്റെ പേരിൽ ഒരു വർഷത്തിനിടയിൽ ചെലവഴിച്ചത് 1.45 കോടി രൂപ. 9 മാസം മുൻപ് 85 ലക്ഷം രൂപയുടെ പെയ്ന്റിങ്ങും തൊട്ടുപിന്നാലെ 60 ലക്ഷം രൂപയുടെ പെയ്ന്റിങ്ങുമാണ് നടത്തിയിരിക്കുന്നത്. 85 ലക്ഷം രൂപ പാലത്തിനു പെയ്ന്റ് അടിക്കാനും 60 ലക്ഷം രൂപ റഗുലേറ്ററിൽ പെയ്ന്റടിക്കാനും മെക്കാനിക്കൽ പണികൾക്കുമാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാസങ്ങൾക്കു മുൻപ് 85 ലക്ഷം രൂപ ചെലവഴിച്ച് പെയ്ന്റടിച്ച പാലം ഇപ്പോൾ നരച്ച് കറവീണു കിടക്കുന്ന അവസ്ഥയിലാണ്. മാസങ്ങളുടെ ആയുസ്സ് പോലുമില്ലാത്ത പണിക്കാണ് ലക്ഷങ്ങൾ ചെലവഴിച്ചിരിക്കുന്നത്. പാലത്തിൽ നിലവാരം കുറഞ്ഞ പെയ്ന്റടിച്ച് വൻ തട്ടിപ്പ് നടത്തിയെന്നും സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ഷട്ടറുകളുടെ പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പെയ്ന്റിങ് ഇപ്പോഴും തുടരുകയാണ്. മഴ വന്നതോടെ നിർത്തിവച്ചതായിരുന്നത്രേ. മാസങ്ങൾക്കുള്ളിൽ തീർക്കേണ്ട പദ്ധതി കരാറുകാരന്റെ സൗകര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥർ നീട്ടിനൽകുകയായിരുന്നു. റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കാൻ പുനർനിർമാണ പദ്ധതി നടപ്പാക്കിയതും എങ്ങുമെത്തിയിട്ടില്ല. രണ്ടര വർഷം കൊണ്ട് റഗുലേറ്റർ കം ബ്രിജ് പൂർത്തിയാക്കാനായെങ്കിൽ അറ്റകുറ്റപ്പണി മൂന്നര വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് പൂർത്തിയാക്കാൻ കഴിയാത്തതെന്ന് പി.നന്ദകുമാർ എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ ചോദിച്ചിരുന്നു. എന്നാൽ, ഇൗ വരുന്ന വേനലിലും ചമ്രവട്ടത്ത് ജലസംഭരണം സാധ്യമാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഷീറ്റ് പൈൽ പുനർ നിർമാണം നിലച്ച മട്ടാണ്.
എംഎൽഎയുടെ ഉറപ്പും പാഴായി
വരാനിരിക്കുന്ന വേനലിൽ ഉറപ്പായും ചമ്രവട്ടം റഗുലേറ്ററിൽ വെള്ളം സംഭരിക്കുമെന്ന് പറഞ്ഞ കെ.ടി.ജലീൽ എംഎൽഎ ഇപ്പോൾ മൗനത്തിലാണ്. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ പേരിൽ കോടികൾ ചെലവഴിക്കുന്നുവെന്നല്ലാതെ റഗുലേറ്ററിന്റെ ചോർച്ചയടയ്ക്കൽ ഇതുവരെയും ലക്ഷ്യത്തിലെത്തിയിട്ടില്ല. ചോർച്ചയടയ്ക്കാൻ കൊണ്ടുവന്ന ഇരുമ്പ് ഷീറ്റുകളുടെ തൂക്കം കുറച്ച് 1.48 കോടി രൂപയുടെ ക്രമക്കേട് നടത്തിയത് അക്കൗണ്ട് ജനറലിന്റെ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരുന്നു.
4 വർഷം കൊണ്ട് തുലച്ചത് 53.63 കോടി
കഴിഞ്ഞ 4 വർഷത്തിനിടയിൽ പാലത്തിന്റെ പെയ്ന്റിങ് ഉൾപ്പെടെ റഗുലേറ്റർ കം ബ്രിജിന്റെ അറ്റകുറ്റപ്പണികൾക്കു മാത്രമായി ചെലവഴിച്ചത് 53.63 കോടി രൂപ. 45 കോടി രൂപയുടെ ഷീറ്റ് പൈൽ പുനർനിർമാണ പദ്ധതി ഉൾപ്പെടെ ഇൗ കണക്കിലുണ്ട്. പെയ്ന്റിങ്, മെയ്ന്റനൻസ് എന്നിങ്ങനെ പല പേരുകളിട്ട് കോടികളാണ് തുലച്ചിരിക്കുന്നത്. ഇതുവരെയും വെള്ളം സംഭരിക്കാൻ കഴിയാത്ത പാലത്തിന്റെ പേരിൽ നാളിതുവരെ അറ്റകുറ്റപ്പണികളുടെ പേരിൽ ചെലവഴിച്ച തുക പരിശോധിച്ചാൽ മറ്റൊരു ചമ്രവട്ടം പദ്ധതി നടപ്പാക്കാനുള്ളത്ര വരുമെന്നാണ് നാട്ടുകാർ പറയുന്നത്.