തിരൂർ : ശുചിത്വ സന്ദേശവുമായി മാങ്ങാട്ടിരി ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾ കളക്ടർ വി.ആർ. വിനോദുമായി സംവദിച്ചു. അധ്യാപകരും പി.ടി.എ. അംഗങ്ങളുമടങ്ങുന്ന സംഘത്തോടൊപ്പമാണ് വിദ്യാർഥികൾ കളക്ടറെ കാണാനെത്തിയത്.തുഞ്ചത്തെഴുത്തച്ഛന്റെ മണ്ണിൽനിന്ന്, വള്ളത്തോളിന്റെ ജന്മസ്ഥലത്തിനടുത്തുനിന്ന്, വാഗൺ ട്രാജഡി സ്മാരകമുള്ള തിരൂരിൽനിന്ന് അങ്ങനെ പോകുന്നു കുട്ടികളുടെ സ്വയം പരിചയപ്പെടുത്തൽ. ഇവരത്ര മോശക്കാരല്ലല്ലോ എന്നു കളക്ടറും. ഞങ്ങൾ തലക്കാട് പഞ്ചായത്തിൽനിന്നാണ് വരുന്നതെന്നും തലക്കാട് എന്ന പേര് എങ്ങനെ കിട്ടിയെന്ന് അറിയാമോയെന്നും കുട്ടികൾ ചോദിച്ചു. ഇല്ല മക്കള് പറയെന്ന് കളക്ടറും.
മാങ്ങാട്ടിരിയുടെ ചരിത്രവും കുട്ടികൾ പങ്കുവെച്ചു. കനോലി കനാലിന്റെ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കാനെത്തിയ സായിപ്പ് നിറയെ മാവുകൾ തിങ്ങിനിറഞ്ഞ പ്രദേശത്തെത്തിയപ്പോൾ ‘ഹായ് മാംഗോ ട്രീ’ എന്നു പറഞ്ഞു. അത് പറഞ്ഞ് പറഞ്ഞുപറഞ്ഞ് പിന്നീട് മാങ്ങാട്ടിരിയായി. കളക്ടർ കൗതുകപൂർവം കുട്ടികളുടെ കഥകൾ ആസ്വദിച്ചു. വായനയെ മുറുകെപ്പിടിക്കണമെന്ന് കളക്ടർ കുട്ടികളെ ഉപദേശിച്ചു. : ഞങ്ങൾക്ക് ഒന്ന് ഓടിക്കളിക്കാൻ മുറ്റം പോലുമില്ല:, ഇടയ്ക്ക് ആവലാതികളും കെട്ടഴിഞ്ഞിരുന്നു. മക്കള് എങ്ങനെയാണ് വന്നത് സ്കൂൾ ബസിലാണോ? അല്ല ഞങ്ങൾക്ക് ബസില്ല സർ, വേറെ സ്കൂളിന്‍റെ ബസിലാ. അവർ വിഷമം അവതരിപ്പിച്ചു.
കുട്ടികൾ നിറയെ പൂക്കളുള്ള രണ്ട് റോസാച്ചെടികൾ കളകർക്ക് സമ്മാനിച്ചു. തങ്ങളുടെ സ്നേഹസമ്മാനം ഓർമ്മയ്ക്കായി പരിചരിക്കണമെന്ന് ഓർമിപ്പിക്കാനും മറന്നില്ല. മാലിന്യമുക്തകേരളം വലിച്ചെറിയൽമുക്ത കേരളം കാമ്പയിനിന്റെ ഭാഗമായി തങ്ങൾ അവതരിപ്പിക്കുന്ന ഫ്ലാഷ്‌മോബ് കളക്ടർ കാണണമെന്ന കുട്ടികളുടെ ആവശ്യത്തെ ചെറുചിരിയോടെ അംഗീകരിച്ചു. മലപ്പുറം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന, കളക്ടർ ഉദ്ഘാടനംചെയ്യുന്ന ചിത്രപ്രദർശനവേദിയിലേക്ക് കുഞ്ഞുങ്ങളെ ക്ഷണിച്ചു. കളക്ടറുടെ വാഹനത്തിന് പിന്നാലെ മലപ്പുറം എ.യു.പി. സ്കൂളിലേക്ക്. ചിത്രപ്രദർശനംകണ്ട് അവർ മടങ്ങി.