തിരൂർ : പച്ചക്കറികൾ തമ്മിലുള്ള പരിഭവം തീർക്കാൻ കുഞ്ചുവമ്മ എല്ലാ പച്ചക്കറികളെയും കൂട്ടിയൊരു കറിയുണ്ടാക്കി. അതാണത്രേ സാമ്പാർ!. കുഞ്ഞിക്കുടകൾ എന്ന പുസ്തകം നിറയെ ഇത്തരം കുഞ്ഞിക്കഥകളാണ്. എഴുത്തുകാരിയെ പരിചയപ്പെടാം – തലക്കടത്തൂർ നോർത്ത് എഎംഎൽപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ആയിഷ നഹാൻ.
ഈ കുഞ്ഞെഴുത്തുകാരിയെ കണ്ടെത്തിയത് അവളുടെ രണ്ടാം ക്ലാസിലെ അധ്യാപികയായ ഋസ്വനി എസ്.ജീവയാണ്. നോട്ടുപുസ്തകത്തിലും കയ്യിലുള്ള റഫ് പുസ്തകത്തിലുമെല്ലാം കഥകൾ എഴുതാൻ തുടങ്ങിയതോടെ ഋസ്വനി തന്നെ പ്രസിദ്ധീകരണത്തിനുള്ള തയാറെടുപ്പുകൾ നടത്തി. ഇതേ ക്ലാസിലെ വിദ്യാർഥി മുഹമ്മദ് അഫ്നാൻ പുസ്തകത്തിലേക്കു വേണ്ട ചിത്രങ്ങൾ വരച്ചു. എഴുത്തുകാരി കെ.എം.ഹാജറയാണ് അവതാരിക എഴുതിയത്.
സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഫോക‍്‍ലോർ അക്കാദമി അംഗം ഫിറോസ് ബാബു പുസ്തകം പ്രധാനാധ്യാപിക വി.പി.മീരയ്ക്കു നൽകി പ്രകാശനം ചെയ്തു. പാട്ടത്തിൽ യൂസഫ് ഹാജി ആധ്യക്ഷ്യം വഹിച്ചു. പാട്ടത്തിൽ കുഞ്ഞിമുഹമ്മദ്, ടി.എ.റഹീം, പി.സി.സജികുമാർ, പി.ആഷിഖ്, പി.പി.അബ്ദുറഹ്മാൻ, പി.കോമുക്കുട്ടി, ഡോ. ജവാഹർ ലാൽ എന്നിവർ പ്രസംഗിച്ചു. മാഞ്ചപ്പുറത്ത് സുബൈറിന്റെയും റഹിയാനത്തിന്റെയും മകളാണ് ആയിഷ നഹാൻ. പിലാത്തോട്ടത്തിൽ മുഹമ്മദ് സക്കറിയയുടെയും റംസീനയുടെയും മകനാണ് മുഹമ്മദ് അഫ്നാൻ.