പൊന്നാനി: ആഴക്കടൽ മീൻപിടിത്ത പദ്ധതിയുടെ ആദ്യ ഘട്ടം പൊളിഞ്ഞതോടെ വ്യവസ്ഥകളിൽ മാറ്റംവരുത്തി സംസ്ഥാന സർക്കാർ. കൊച്ചിൻ ഷിപ്‌യാഡിനു പുറമേ സംസ്ഥാന സർക്കാരിന്റെ അംഗീകൃത ബോട്ട് യാഡുകളിലും ആഴക്കടൽ ബോട്ട് നിർമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നു. ആഴക്കടൽ മീൻപിടിത്ത ബോട്ട് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തു വിതരണം ചെയ്ത 6 ബോട്ടുകളും കൊച്ചിൻ ഷിപ്‌യാഡിലാണു നിർമിച്ചത്. ഈ ബോട്ടുകളിലെല്ലാം നിർമാണത്തകരാറുകൾ കണ്ടെത്തിയിരുന്നു. ഇതോടെയാണു സർക്കാരിന്റെ നിലപാടുമാറ്റം.
കോടികൾ ചെലവഴിച്ചു കൊച്ചിൻ ഷിപ്‌യാഡ് നിർമിച്ച ബോട്ടുകളിൽ കേടുപാടുകൾ കണ്ടെത്തിയതോടെ മത്സ്യത്തൊഴിലാളികൾ ബോട്ട് ഉപേക്ഷിച്ചു തുടങ്ങി. 15 കോടി രൂപയുടെ പദ്ധതിയാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. മലപ്പുറം ജില്ലയ്ക്ക് അനുവദിച്ച 2 ബോട്ടുകൾ ആർക്കും വേണ്ടാതെ പൊന്നാനിയിൽ നങ്കൂരമിട്ടിരിക്കുകയാണ്. ജില്ലയ്ക്ക് അനുവദിച്ചു കിട്ടിയ മൂന്നാമത്തെ ബോട്ട് ഏറ്റെടുക്കാൻ തയാറാകാതെ മറ്റൊരു സൊസൈറ്റി തടിയൂരുകയും ചെയ്തു. സൊസൈറ്റികൾക്കു കോടികളുടെ ബാധ്യതയാണുണ്ടായിരിക്കുന്നത്.
ഇതേക്കുറിച്ച് ‘ആഴത്തിലുള്ള അപാകതകൾ’ എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ‘മനോരമ’ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. പദ്ധതി ഭേദഗതിയോടെ വീണ്ടും നടപ്പാക്കാനാണു സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണു പദ്ധതി നടപ്പാക്കിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ മുഴുവൻ നടപ്പാക്കാനും സർക്കാർ തീരുമാനിച്ചു. ബോട്ടിന്റെ വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബോട്ടിന്റെ നിർമാണ ഘട്ടങ്ങളിൽ, ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികൾക്കു നേരിട്ടുകണ്ടു വിലയിരുത്താനുള്ള അവസരമുണ്ടാകും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും വിദഗ്ധ സമിതിയുടെ പരിശോധനയും നടക്കും.
48 ലക്ഷം രൂപ സബ്സിഡി
1.2 കോടി രൂപ ചെലവു വരുന്ന ആഴക്കടൽ ബോട്ടാണു രണ്ടാം ഘട്ടത്തിൽ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 48 ലക്ഷം രൂപയാണു സർക്കാർ സബ്സിഡി. 78 ലക്ഷം രൂപ ഗുണഭോക്തൃ വിഹിതമാണ്. മത്സ്യത്തൊഴിലാളി സംഘങ്ങൾക്കു നൽകിയിരുന്ന പദ്ധതി വ്യക്തികൾക്കും അപേക്ഷിക്കാമെന്ന നിലയിലും ഭേദഗതി വരുത്തിയിട്ടുണ്ട്.