പുറത്തൂർ : ഭാരതപ്പുഴയുടെ തീരങ്ങളിലുള്ള അനധികൃത മണൽക്കടവുകളിൽനിന്ന് മണൽക്കടത്ത് പിടികൂടാനായി വെള്ളിയാഴ്ച പുലർച്ചെ തിരൂർ പോലീസ് സംഘം മിന്നൽ പരിശോധന നടത്തി.തൃപ്രങ്ങോട് പഞ്ചായത്തിലെ മൂച്ചിക്കൽ, നദീനഗർ, പമ്പുഹൗസ് എന്നീ കടവുകളിൽ നടത്തിയ പരിശോധനയിൽ 10 അനധികൃത വഞ്ചികൾ മണൽ സഹിതം പിടികൂടി. പുഴയിൽനിന്ന് മണൽ കടത്താൻ ഉപയോഗിച്ചിരുന്ന വഞ്ചികൾ പിടികൂടാൻ പോലീസ് സംഘം പുഴയിൽ ഇറങ്ങുകയും വഞ്ചികൾ കരയ്ക്കടുപ്പിച്ച് നശിപ്പിക്കുകയും ചെയ്തു. അനധികൃത മണൽക്കടത്തിനെതിരേ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെയും മണൽലോറികൾ കസ്റ്റഡിയിലെടുത്തതിന്റെയും അടിസ്ഥാനത്തിലാണ് തിരൂർ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണന്റെ നിർദേശപ്രകാരം സി.ഐ. കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തിയത്. തിരൂർ സ്റ്റേഷൻ പരിധിയിലെ മറ്റു പഞ്ചായത്തുകളിലെ അനധികൃത കടവുകളിലും പരിശോധന ശക്തമാക്കാൻ പോലീസ് തീരുമാനിച്ചു.