തിരൂർ : തൃപ്രങ്ങോട്ടെ ഗ്രാമങ്ങളിലൂടെയെല്ലാം ഇന്നലെയൊരു കെഎസ്ആർടിസി ബസ് ഓടി. കണ്ടവരൊക്കെ ഒന്ന് അതിശയപ്പെട്ടു. കെഎസ്ആർടിസി ബസിനെന്താ തങ്ങളുടെ ഗ്രാമത്തിൽ കാര്യമെന്നായി ചിന്ത!. എന്നാൽ ഇവിടെ പഞ്ചായത്തിലെ വനിതകൾക്കു വേണ്ടിയുള്ള വണ്ടിയാണ്, കുട്ടികളുടെയും. തൃപ്രങ്ങോട് പഞ്ചായത്ത് വനിതകൾക്കും കുട്ടികൾക്കുമായി ഏർപ്പെടുത്തിയ സൗജന്യ ബസ് യാത്രയ്ക്കു വേണ്ടി ഓടാനെത്തിയ കെഎസ്ആർടിസി ബസിന്റെ പരീക്ഷണ ഓട്ടമായിരുന്നു ഇന്നലെ. സംഗതി വൻ വിജയവുമായി.
കഴിഞ്ഞ ബജറ്റിലാണ് തൃപ്രങ്ങോട് പഞ്ചായത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്രയെന്ന പദ്ധതി പ്രഖ്യാപിച്ചത്. ബജറ്റിൽ 10 ലക്ഷം രൂപ ഇതിനായി നീക്കി വച്ചു. പിന്നെ പദ്ധതിയുടെ അനുമതിക്കായുള്ള ഓട്ടമായിരുന്നു. സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന പദ്ധതിക്ക് അനുമതി ലഭിക്കാൻ പ്രയാസപ്പെട്ടു. കടലാസുകൾ നീങ്ങിക്കിട്ടാൻ പലകുറി ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നു.ഒടുവിൽ ഒരു മാസം മുൻപ് എല്ലാം ശരിയായി. കെഎസ്ആർടിസി ബസിനായി വകുപ്പിനെ സമീപിച്ചു. അതും ശരിയായതോടെ കഴിഞ്ഞയാഴ്ച ഉദ്യോഗസ്ഥരെത്തി പോകേണ്ട വഴികളൊക്കെ ഒന്നു പരിശോധിച്ചു.
ഇന്നലെ ബസെത്തിച്ച് ഓടിച്ചും നോക്കി. ചിലയിടങ്ങളിൽ ചില മരക്കൊമ്പുകൾ ഒന്നു വകഞ്ഞു മാറ്റേണ്ടതുണ്ടെന്നത് ഒഴിച്ചാൽ മറ്റു പ്രയാസങ്ങളൊന്നുമില്ല.രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഈ ബസ് പഞ്ചായത്തിലങ്ങനെ ഓടിക്കൊണ്ടേയിരിക്കും. ജോലിക്കും മറ്റും പോകാനുള്ള സ്ത്രീകൾക്ക് കയറാം വേണ്ട സ്ഥലത്ത് ഇറങ്ങാം. വിദ്യാർഥികൾക്കും ഈ ബസിൽ കയറി സ്കൂളുകളിലെത്താം. ആരും ടിക്കറ്റും ചോദിക്കില്ല, പണവും കൊടുക്കേണ്ട. വേണമെങ്കിൽ പുരുഷന്മാർക്കും കയറാം. അവർക്കു നേരെ ടിക്കറ്റിനു കൈകൾ നീളും. ഫെബ്രുവരി 10നുള്ളിൽ ബസ് ഓടിച്ചു തുടങ്ങാനാണ് ഭരണസമിതിയുടെ തീരുമാനം.