തിരൂർ : ആറുവരി ദേശീയപാത 2025 ഡിസംബറിൽ പൂർത്തിയാകുമെന്നും ആദ്യം പൂർത്തിയാകുക മലപ്പുറം ജില്ലയിലാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തിരൂർ, താനൂർ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലവും കോട്ടിലത്തറ മീശപ്പടി റോഡും തിരൂർ-പൊന്മുണ്ടം ബൈപ്പാസിന്റെ നാലാം റീച്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കിഫ്ബി വഴിയാണ് കേരളത്തിൽ ഏറെ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞത്. കിഫ്ബിയെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. ഏതുശക്തി ശ്രമിച്ചാലും കിഫ്ബിയെ തകർക്കാനാവില്ലെന്നും സർക്കാർ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.യോഗത്തിൽ മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷതവഹിച്ചു.
കുറുക്കോളി മൊയ്തീൻ എം.എൽ.എ., തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ, തിരൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, താനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേനാത്ത്, ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഹാജിറ കുണ്ടിൽ, പൊന്മുണ്ടം പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി, പി.ടി. നാസർ, ഇ. ജയൻ, ഉമ്മർ ഹാജി പോക്കാട്ട്, ഐ.വി. സമദ്, വി.പി. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
തീരദേശപാത കേരളത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലാകും -മന്ത്രി
താനൂർ : ഒൻപത് ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേ നിർമാണം പൂർത്തിയാകുന്നതോടുകൂടി കേരളത്തിന്റെ പശ്ചാത്തല വികസനത്തിലും തീരദേശ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് താനൂരിൽ പറഞ്ഞു.തീരദേശപാത വികസനത്തിൽ സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തീകരിച്ച താനൂർ മുഹ്‌യുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള 3.85 കിലോമീറ്റർ നീളം റോഡിന്റെയും 1.5 കോടി രൂപ ചെലവിൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം 1.7 കിലോമീറ്റർ
നീളത്തിൽ പണി പൂർത്തീകരിച്ച താനൂർ-പൂരപ്പുഴ ടിപ്പുസുൽത്താൻ റോഡിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി വി. അബ്ദുറഹ്‌മാൻ അധ്യക്ഷനായി. താനൂർ നഗരസഭാധ്യക്ഷൻ റഷീദ് മോര്യ, സ്ഥിരംസമിതി അധ്യക്ഷരായ കെ. ഫാത്തിമ, അലി അക്ബർ, കെ.ആർ.എഫ്.ബി.പി.എം.യു. നോർത്ത് സർക്കിൾ ടീം ലീഡർ എസ്. ദീപു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.