തവനൂർ/തിരുനാവായ : രഘുപതി രാഘവ രാജാറാം…പതീത പാവന സീതാറാം… രാംധുൻ ഗീതമാലപിച്ച് ശുഭ്രവസ്ത്രധാരികൾ ത്രിമൂർത്തിസംഗമസ്ഥാനത്തിലൂടെ നടന്നുനീങ്ങി. നിളാനദി ഒരിക്കൽക്കൂടി മഹാത്മാവിന്റെ സ്മരണകളുമായി ഒഴുകി… രാഷ്ട്രപിതാവിന്റെ ചിതാഭസ്മം നിമജ്ജനംചെയ്തതിന്റെ ഓർമപുതുക്കലായി തിരുനാവായ സർവോദയമേളയുടെ ഭാഗമായാണ് ശാന്തിയാത്ര നടത്തിയത്.
കാർഷിക എൻജി. കോളജ് വളപ്പിലെ കെ. കേളപ്പന്റെ പ്രതിമയ്ക്കുമുൻപിൽനിന്ന് ആരംഭിച്ച ശാന്തിയാത്രയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഗാന്ധിയൻ-സർവോദയ പ്രവർത്തകർ കണ്ണികളായി. കേളപ്പജിയുടെ സമാധിസ്ഥലത്ത് പുഷ്പാർച്ചന നടത്തിയശേഷം നിളയിലൂടെ നടന്നുനീങ്ങി. പുഴയിലെ വെള്ളമുള്ള ഭാഗത്ത് തോണിയിലായിരുന്നു യാത്ര. തിരുനാവായയിലെ ഗാന്ധിസ്തൂപത്തിൽ ശാന്തിയാത്ര അവസാനിച്ചു. ഗാന്ധിപ്രതിമയിൽ മുൻ രാജ്യസഭാഗം സി. ഹരിദാസ് ഹാരാർപ്പണം നടത്തി.
ശാന്തിയാത്രയ്ക്ക് സി. ഹരിദാസ്, അഡ്വ എ.എം. രോഹിത്, കെ. രവീന്ദ്രൻ, അടാട്ട് വാസുദേവൻ, കെ. ബാലകൃഷ്ണൻ, മോഹനൻ നായർ, പ്രസാദ് പ്രണവം, ടി.കെ.എ. അസീസ്, എം.എം. സുബൈദ, ഉണ്ണികൃഷ്ണൻ പൊന്നാനി, കോയക്കുട്ടി, സലാം പോത്തനൂർ എന്നിവർ നേതൃത്വംനൽകി.
തുടർന്നു തിരുനാവായയിൽ നടന്ന ഗാന്ധിസ്മൃതി സദസ്സ് സി. ഹരിദാസ് ഉദ്ഘാടനംചെയ്തു. മുളക്കൽ മുഹമ്മദാലി അധ്യക്ഷനായി. ടി. ബാലകൃഷ്ണൻ, ഉമ്മർ ചിറക്കൽ, സോളമൻ വിക്ടർദാസ്, നാസർ കൊട്ടാരത്തിൽ, എം.വി. സതീഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മേളനഗരിയിൽ നടന്ന സർവോദയ സംഗമവും അനുസ്മരണയോഗവും ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.എൻ. നായർ അധ്യക്ഷനായി. മോഹനൻ പൂനയിൽ, ഇയ്യാച്ചേരി പദ്മിനി, എം.എം. സുബൈദ, ടി.കെ.എ. അസീസ്, അടാട്ട് വാസുദേവൻ, വി. രാജേഷ്, ടി.പി. ഹൃദിക തുടങ്ങിയവർ പ്രസംഗിച്ചു.
‘ജൈവവൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. എസ്.പി. രവി മോഡറേറ്ററായി. രാജൻ തിയറേത്ത്, ഡോ. എസ്. അഭിലാഷ്, സുധീർ പടിക്കൽ, ഡോ. ബാബു ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സുരേഷ് ജോർജ്, പി.വി. ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.
സമാപനസമ്മേളനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ സി. ഹരിദാസ് അധ്യക്ഷനായി. വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ മുഖ്യപ്രഭാഷണം നടത്തി. പി. കുഞ്ഞാവു ഹാജിയെ ആദരിച്ചു. കെ.പി. വേണു, അടാട്ട് വാസുദേവൻ, അഡ്വ. എ.എം. രോഹിത്ത്, ഉണ്ണികൃഷ്ണൻ പൊന്നാനി, ഇ.പി. രാജീവ്, കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സർവമത പ്രാർഥനയും കലാപരിപാടികളുമുണ്ടായി.