എടപ്പാൾ : മലപ്പുറം, പാലക്കാട് ജില്ലകളിലെ ഉത്സവപ്രേമികളുടെ നിരാശ മാറ്റി കല്ലടത്തൂർ ദേവീക്ഷേത്രത്തിലെ താലപ്പൊലി വെടിക്കെട്ടോടെ ആഘോഷിച്ചു.പ്രദേശത്തെ എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതോടെ നിരാശയിലായിരുന്ന പതിനായിരങ്ങൾ വെടിക്കെട്ട് കാണാനൊഴുകിയെത്തി. അഭിഷേകം, ഗണപതിഹോമം, പറനിറപ്പ്, കാവുംപുറത്ത് മനക്കൽ നിന്ന് ആന, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, വിവിധ ദേശങ്ങളിൽനിന്നായി വരവുകൾ എന്നിവയ്ക്കുശേഷമാണ് വെടിക്കെട്ട് നടന്നത്. രാത്രി തായമ്പക, നാടൻപാട്ട്, പഞ്ചവാദ്യം, ആയിരത്തിരി എന്നിവയോടെ താലപ്പൊലിക്ക് തിരശ്ശീല വീണു.