തിരൂർ : തുഞ്ചൻ കോളജിലെ പുത്തൻ വികസനത്തിളക്കം നാളെ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നരക്കോടി രൂപയും മറ്റു സഹായങ്ങളും ഉപയോഗിച്ചാണ് ഇവിടെ വിവിധ നിർമാണങ്ങൾ പൂർത്തിയാക്കിയത്. പ്രിൻസിപ്പൽ റൂം, സെമിനാർ ഹാൾ, ഐക്യുഎസി റൂം, ഓഫിസ് എന്നിവയ്ക്ക് 89 ലക്ഷം രൂപയും ലിഫ്റ്റിന് 68 ലക്ഷവും പാർക്കിങ് സ്ഥലം, പടിപ്പുര, സ്ത്രീകളുടെ ശുചുമുറി കോംപ്ലക്സ്, സ്റ്റേജ് എന്നിവയ്ക്ക് 48 ലക്ഷം രൂപയും പെയ്ന്റിങ്ങിനായി 38 ലക്ഷവും ചുറ്റുമതിൽ പൂർത്തിയാക്കാൻ 10 ലക്ഷവും ഐടി ഉപകരണങ്ങൾക്ക് 42 ലക്ഷം രൂപയുമാണ് ചെലവിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ നാക് വിസിറ്റിനായി 34 ലക്ഷം രൂപ അനുവദിച്ചതും വികസനങ്ങൾക്കു വേണ്ടി ഉപയോഗിച്ചു. കൂടാതെ സിഡിസി ഫണ്ടിൽ നിന്നുള്ള 32 ലക്ഷം രൂപയും ഇതിനായി കോളജ് ഉപയോഗിച്ചിട്ടുണ്ട്. എഴുത്തച്ഛൻ സ്മാരകം, വള്ളത്തോൾ കലാപീഠം, ഞാവൽത്തറ, മെഡിസിനൽ ഗാർഡൻ, ദാരുശിൽപോദ്യാനം, മൾട്ടി പർപ്പസ് കോർട്ട്, നാപ്കിൻ വെൻഡിങ് മെഷീൻ, അലമ്നൈ ഓഫിസ്, സെക്യൂരിറ്റി റൂം തുടങ്ങിയവയും മന്ത്രി ഉദ്ഘാടനം ചെയ്യും.നാളെ നടക്കുന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ, തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. എം.എസ്.അജിത്, ഡോ. എം.പി.അനിൽകുമാർ, എ.പി.മുജീബ് എന്നിവർ പറഞ്ഞു