തവനൂർ : ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ശൗചാലയസമുച്ചയം വെറും കാഴ്ചവസ്തു! തൃക്കണാപുരം സി.എച്ച്.സി.യിൽ മൂന്നുവർഷം മുൻപ് നിർമിച്ച ശൗചാലയങ്ങളാണ് ഉപയോഗിക്കാതെ നശിക്കുന്നത്. 16,70,000 രൂപ അടങ്കൽ തുക കണക്കാക്കിയ കെട്ടിടം 14,72,735 രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 2021-22 വർഷത്തിലാണ് ശൗചാലയങ്ങൾ നിർമിച്ചത്. എന്നാൽ, വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കെട്ടിടം ഇതുവരെ ഉപയോഗിക്കാനായി തുറന്നുകൊടുത്തിട്ടില്ല.
ശൗചാലയത്തിലെ സാമഗ്രികളെല്ലാം ഇതിനോടകംതന്നെ നശിച്ചുതുടങ്ങി. വീണ്ടും തുക അനുവദിച്ച് അറ്റകുറ്റപ്പണി നടത്തിയാലേ ശൗചാലയങ്ങൾ ഉപയോഗിക്കാൻ കഴിയൂവെന്ന സ്ഥിതിയാണ്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികളിൽ വിഷയം പലതവണ ചർച്ചയ്ക്കുവന്നെങ്കിലും കെട്ടിടം അടഞ്ഞുകിടന്ന് നശിക്കുകയല്ലാതെ തുറന്നുനൽകാൻ നടപടിയുണ്ടായില്ല.എട്ട് ശൗചാലയങ്ങളാണ് കെട്ടിടത്തിൽ നിർമിച്ചിട്ടുള്ളത്. ആശുപത്രിയിലെ പ്രധാന കെട്ടിടത്തിൽനിന്ന് അല്പം മാറിയാണ് ശൗചാലയസമുച്ചയം നിർമിച്ചിരിക്കുന്നത്.
ആശുപത്രിയോടുചേർന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഇരുപതോളം ശൗചാലയങ്ങൾ നിലവിൽ ഉള്ളപ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കെട്ടിടം നിർമിച്ചത്.അനാവശ്യ നിർമാണമാണ് നടത്തിയതെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് കെട്ടിടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. അറ്റകുറ്റപ്പണി നടത്തിയാൽ മാത്രമേ ശൗചാലയം ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ ഇനിയും പണം ചെലവഴിക്കേണ്ടിവരും.