മാറഞ്ചേരി: മാലിന്യനിർമാർജനത്തിനു മികച്ച പദ്ധതികൾ നടപ്പിലാക്കിയതിലൂടെ ജില്ലാതലത്തിൽ സ്വരാജ് ട്രോഫിയിൽ ഒന്നാം സ്ഥാനം മാറഞ്ചേരി പഞ്ചായത്തിന്. ഹരിതകർമസേനയുടെ സഹായത്തോടെ 19 വാർഡുകളിൽനിന്നു സംസ്കരിക്കുന്ന മാലിന്യങ്ങൾ പരിച്ചകത്തെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു വേർതിരിച്ച് എടുത്തു ക്ലീൻ കേരളയിലേക്കു കയറ്റി അയച്ചു. 2018ൽ തുടങ്ങിയ മാലിന്യസംസ്കരണത്തോടെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൂടിക്കിടന്നിരുന്ന മാലിന്യം ഇല്ലാതായി.
ഹരിതകർമസേനക്കാർക്കു മാലിന്യങ്ങൾ കൊണ്ടുവരാൻ പഞ്ചായത്ത് വാഹനവും നൽകി. ഓരോ മാസവും 10 ടൺ മാലിന്യം കയറ്റി അയയ്ക്കുന്നുണ്ട്. കൂടാതെ ആരോഗ്യം, കൃഷിമേഖലയിലെ പദ്ധതികളും ലക്ഷ്യത്തിൽ എത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ബീന, വൈസ് പ്രസിഡന്റ് ടി.വി.അബ്ദുൽ അസീസ്, സെക്രട്ടറി ടി.മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനമാണ് നേട്ടത്തിലേക്കു നയിച്ചത്. ഏഴാം തവണയാണ് സ്വരാജ് ട്രോഫിയിൽ അംഗീകാരം ലഭിക്കുന്നത്.