ചങ്ങരംകുളം : ഒന്നാം വാർഡ് പഞ്ചായത്ത് അംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് ആലങ്കോട് പഞ്ചായത്ത് ഓഫീസിലേക്ക് യു.ഡി.എഫ്. പ്രതിഷേധ മാർച്ച് നടത്തി. പരാതി നൽകാൻ എത്തിയവരെയും ലീഗ് പഞ്ചായത്ത് അംഗമായ സി.കെ. അഷറഫിനെയും പഞ്ചായത്ത് ഓഫീസിൽ വെച്ച് ആക്രമിച്ച സി.പി.എം. അംഗമായ അഷറഫ് കാളാച്ചാൽ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മാർച്ച് ജില്ലാ യു.ഡി.എഫ്. കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.
ആലങ്കോട് പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് എം.കെ. അൻവർ അധ്യക്ഷനായി. പൊന്നാനി മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.പി. യൂസഫലി, ഡി.സി.സി. സെക്രട്ടറി സിദ്ധീഖ് പന്താവൂർ, പി.ടി. അബ്ദുൾ ഖാദർ, രഞ്ജിത്ത് അടാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധം നീണ്ടപ്പോൾ പഞ്ചായത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് രണ്ടു ദിവസത്തിനകം ഉചിതമായ പരിഹാരം കാണുമെന്ന ഉറപ്പിൽ യു.ഡി.എഫ്. സമരം അവസാനിപ്പിച്ചു.