തിരൂർ : കേരള ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സിറ്റിങ് തിരൂർ സർക്കാർ വിശ്രമ മന്ദിര ഹാളിൽ നടന്നു. പോലീസ് പീഡനം സംബന്ധിച്ച് തിരുനാവായ അനന്താവൂർ സ്വദേശി മുഹമ്മദ്, കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ.ക്കും പോലീസുകാർക്കുമെതിരേ സമർപ്പിച്ച ഹർജിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ നിർദേശം നൽകി.
സർവീസ് ആനുകൂല്യം ലഭ്യമാക്കുന്നതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വിരമിച്ച വെസ്റ്റ് കോഡൂർ സ്വദേശി പ്രവീൺ രാജ് സമർപ്പിച്ച ഹർജിയിൽ, ആനുകൂല്യങ്ങൾ മുൻഗണനാക്രമത്തിൽ നൽകിവരികയാണെന്നും ഹർജിക്കാരന്റെ ആനുകൂല്യങ്ങൾ വൈകാതെ ലഭ്യമാക്കുമെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ കമ്മിഷനെ അറിയിച്ചു. 13 പരാതികളാണ് കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുമ്പാകെ പരിഗണനയ്ക്കായി വന്നത്.
വാട്സാപ്പിലൂടെയും പരാതി നൽകാം:സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ 9746515133 എന്ന നമ്പറിൽ വാട്സാപ്പിലൂടെയും പരാതി സ്വീകരിച്ചുവരുന്നതായി ചെയർമാൻ അറിയിച്ചു.