തിരുനാവായ : മലയാളഭാഷയുടെ ചരിത്രവഴികളിൽ സഞ്ചരിച്ച് ഭാഷയുടെ പരിണാമത്തെ വീണ്ടെടുക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി അഭിപ്രായപ്പെട്ടു. സർവകലാശാലയുടെ തിരൂർ പ്രാദേശികകേന്ദ്രം മലയാള വിഭാഗം സംഘടിപ്പിച്ച ‘മലയാളം: ഭാഷാജീവിതങ്ങൾ’ ദേശീയ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ.പി. മാധവൻ ‘കൂട്ടുക്രിയകൾ മലയാളത്തിൽ’ എന്ന വിഷയത്തിലും കേരള പോലീസ് അക്കാദമി ഡയറക്ടർ കെ. സേതുരാമൻ ‘മാതൃഭാഷാ രാഷ്ട്രീയം’ എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിച്ചു.
പ്രൊഫ. ടി.ബി. വേണുഗോപാലപ്പണിക്കരും ഡോ. സി. സെയ്തലവിയും പ്രഭാഷണം നടത്തി. ഡോ. ആർ.വി.എം. ദിവാകരൻ, ഡോ. സുരേഷ് പുത്തൻപറമ്പിൽ, ഡോ. നിനിത കണിച്ചേരി, ഡോ. വി. അബ്ദുൾ ലത്തീഫ് എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരായി. സെമിനാർ വ്യാഴാഴ്ച സമാപിക്കും.