തിരുനാവായ : ദേശീയപാതയിൽ പുത്തനത്താണിക്കടുത്ത് ചുങ്കത്ത് സ്വകാര്യബസ് മറിഞ്ഞ് 16 പേർക്ക് പരിക്ക്. ദേശീയ പാതയിലെ നിർമാണവുമായി ബന്ധപ്പെട്ട് റോഡിൽ കൂട്ടിയിട്ട മണ്ണിൽ കയറി നിയന്ത്രണംവിട്ട് ഡിവൈഡറുകളിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ആക്സിൽ മുറിയുകയും ചക്രങ്ങൾ ഊരിത്തെറിച്ച് മറിയുകയായിരുന്നു.
ബുധനാഴ്ച രാത്രി ഏഴോടെ ഗുരുവായൂർ ഭാഗത്തേക്കു പോവുകയായിരുന്ന പാരഡൈസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. താനൂർ ഡിവൈ.എസ്.പി ഫയസ് ജോർജിന്റെ നേതൃത്വത്തിൽ കൽപ്പകഞ്ചേരി, കാടാമ്പുഴ, കോട്ടയ്ക്കൽ പോലീസ് സ്ഥലത്തെത്തി.
പരിക്കുപറ്റിയ 16 പേരിൽ ഏഴുപേർ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലും മൂന്നുപേർ വളാഞ്ചേരി നടക്കാവ് ആശുപത്രിയിലും ബാക്കിയുള്ളവർ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി. സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടു.ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തി മാറ്റി.