തിരൂർ : എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളുമായി ഈവർഷത്തെ തുഞ്ചൻ ഉത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. തുഞ്ചൻ സ്‌മാരക ട്രസ്റ്റ് ചെയർമാനായിരുന്ന അന്തരിച്ച എം.ടി. വാസുദേവൻ നായർക്ക് ആദരമർപ്പിച്ച് 27, 28, മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് തുഞ്ചൻ ഉത്സവം. എം.ടി.യില്ലാത്ത ഉത്സവത്തിന്റെ നെടുനായകത്വം വഹിക്കാൻ പുതിയ ട്രസ്റ്റ് ചെയർമാൻ വൈശാഖൻ ബുധനാഴ്ച രാത്രി തുഞ്ചൻപറമ്പിലെത്തി.

‘പ്രണാമം എം.ടി.’ എന്ന തലക്കെട്ടിൽ തുഞ്ചൻ ഉത്സവം വ്യാഴാഴ്ച രാവിലെ എട്ടിന് തുഞ്ചൻ കൃതികളുടെ പാരായണത്തോടെ തുടങ്ങും. രാവിലെ പത്തിന് തമിഴ് സാഹിത്യകാരിയും സംസ്‌കാരിക പ്രവർത്തകയുമായ ശിവശങ്കരി ഉദ്ഘാടനംചെയ്യും. ട്രസ്റ്റ് ചെയർമാൻ വൈശാഖൻ അധ്യക്ഷതവഹിക്കും. പുസ്തകോത്സവം എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനംചെയ്യും. പ്രദർശനോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. നിർവഹിക്കും.

രാവിലെ 11-ന് കെ.സി. നാരായണൻ തുഞ്ചൻ സ്‌മാരക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12-ന് കോളേജ് വിദ്യാർഥികൾക്കായി ദ്രുതകവിതാ മത്സരം നടത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.ടി. എന്ന വിഷയത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഡോ. കെ. ശ്രീകുമാർ ക്വിസ് മാസ്റ്ററായി സാഹിത്യ ക്വിസ് നടത്തും. വൈകീട്ട് നാലിന് ആകാശവാണി കോഴിക്കോട് നിലയം കവിസമ്മേളനം നടത്തും. വൈകീട്ട് അഞ്ചരയ്ക്ക് തുഞ്ചൻ കലോത്സവം നടൻ വിനീത് ഉദ്ഘാടനംചെയ്യും. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര അധ്യക്ഷതവഹിക്കും. രാത്രി ഏഴിന് എം.ടി. കൃതികളുടെ നൃത്താവിഷ്‌കാരം. ഏഴരയ്ക്ക് ഗായത്രി മധുസൂദൻ മോഹിനിയാട്ട നൃത്തശില്പം അവതരിപ്പിക്കും.

28-ന് ‘കേരളീയാധുനികത’ എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തും.‘എം.ടി.യുടെ നിലപാടുതറ’ എന്ന വിഷയത്തിൽ സച്ചിദാനന്ദൻ, സാറാ ജോസഫ്, എൻ. ജയരാജ്, എം.വി. നികേഷ്‌കുമാർ എന്നിവർ പ്രഭാഷണം നടത്തും. എം.എം. ബഷീർ അധ്യക്ഷനാകും. ഉച്ചയ്ക്ക് രണ്ടിന് ‘തുഞ്ചൻപറമ്പിന്റെ എം.ടി.’ എന്ന വിഷയത്തിൽ എം.എം. നാരായണൻ, ഡോ. കെ. ജയകുമാർ, പി.കെ. ഗോപി, ഡോ. എൽ. സുഷമ എന്നിവർ പ്രഭാഷണം നടത്തും. ഡോ. അനിൽ വള്ളത്തോൾ അധ്യക്ഷതവഹിക്കും.

വൈകീട്ട് നാലിന് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ ‘നഖക്ഷതങ്ങൾ’ സിനിമ പ്രദർശിപ്പിക്കും. രാത്രി ഏഴരയ്ക്ക് നിമിഷ സലീമിന്റെ ഗസൽസന്ധ്യ അരങ്ങേറും. തുഞ്ചൻ ഉത്സവത്തോടനുബന്ധിച്ച് മാതൃഭൂമി ഉൾപ്പെടെ നിരവധി പ്രസാധകരുടെ പുസ്തകസ്റ്റാളുകളുമുണ്ട്. പുസ്തകം വാങ്ങുന്നവർക്ക് സമ്മാനപദ്ധതിയുമൊരുക്കിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *