ചങ്ങരംകുളം : ആലങ്കോട് പഞ്ചായത്തിൽ മുണ്ടകൻ നെൽക്കൃഷി ചെയ്യുന്ന പ്രധാന പാടശേഖരങ്ങളിൽ ഒന്നായ ചിയ്യാനൂർ പാടശേഖരത്തിലെ നെൽക്കർഷകരുടെ ആവശ്യമായ വി.സി.ബി. (തടയണ) നിർമാണം തുടങ്ങി. ഇനിമുതൽ മുണ്ടകൻ നെൽക്കൃഷിക്കും പച്ചക്കറിക്കൃഷിക്കും തടസ്സമില്ലാതെ വെള്ളംകിട്ടും.
ആലങ്കോട്ട് കോട്ടയിൽ താഴംഭാഗത്തുനിന്ന് വരുന്ന വെള്ളം ഒഴുകിപ്പോകാതെ തടഞ്ഞുനിർത്തി പ്രദേശത്തെ നൂറേക്കറോളം വരുന്ന ഭാഗത്തെ കൃഷിക്ക് ഉപയോഗിക്കാനാകുന്നവിധമാണ് പദ്ധതി.പി. നന്ദകുമാർ എം.എൽ.എ. അനുവദിച്ച 24 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി ആരംഭിക്കുന്നത്. മൈനർ ഇറിഗേഷൻ വിഭാഗത്തിനാണ് നിർമാണച്ചുമതല. രണ്ടു മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കും.