പൊന്നാനി : ജലാശയങ്ങൾ, തോടുകൾ എന്നിവ വീണ്ടെടുക്കുന്നതിനുള്ള ‘ഇനി ഞാൻ ഒഴുകട്ടെ’ കർമപരിപാടിയുടെ ഭാഗമായി നഗരസഭയിലെ 23, 27, 28, 29 വാർഡുകളിലൂടെ ഒഴുകുന്ന കൊല്ലൻപടി-പള്ളിയിൽ തോട് ശുചീകരണത്തിന് തുടക്കമായി.മാലിന്യങ്ങളും മറ്റു പാഴ് വസ്തുക്കളും വലിച്ചെറിഞ്ഞ് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ട തോടിൽനിന്ന് മണ്ണും മാലിന്യങ്ങളും നീക്കംചെയ്ത് നീരൊഴുക്ക് ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
നഗരസഭാ പ്രദേശത്തെ പ്രധാന ജലാശയങ്ങൾ, നീലം തോട്, ചെറുതോട്, കുട്ടാട് തോട് എന്നിവ ഉൾപ്പെടെയുള്ള തോടുകൾ ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ജനകീയ ശുചീകരണയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷനായി. കൗൺസിലർമാരായ വി.പി. സുരേഷ്, ബാബു, ബിൻസി ഭാസ്കർ, മാഞ്ചേരി ഇക്ബാൽ, ക്ലീൻ സിറ്റി മാനേജർ ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.
ശുചീകരണത്തൊഴിലാളികൾ, നാട്ടുകാർ, കൗൺസിലർ രാധാകൃഷ്ണൻ, വി.പി. ബാബു, ബിൻസി ഭാസ്കർ, സുരേഷ്, ഇക്ബാൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീക്, ശ്യാം, പവിത്രൻ, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്‌സൺ ബാലകൃഷ്ണൻ തേറയിൽ തുടങ്ങിയവർ ശുചീകരണത്തിൽ പങ്കെടുത്തു.