തിരൂർ : വെട്ടം വേമണ്ണ ഉള്ളാറ് വീട് ഭഗവതിക്ഷേത്രത്തിലെ മഹോത്സവത്തിന് കൊടിയേറ്റി. ക്ഷേത്രം ശാന്തി മോഹനൻ നമ്പൂതിരിയിൽനിന്ന് കാരണവരായ കുറിയേടത്ത് ഉണ്ണിക്കൃഷ്ണൻ നായർ കൊടി ഏറ്റുവാങ്ങി. ഉണ്ണിക്കൃഷ്ണൻ നായരിൽനിന്ന് കൊടിമരത്തിലേക്ക് ആശാരി ശിവൻ ഏറ്റുവാങ്ങി. എട്ടു മുതൽ 15 വരെയുള്ള ദിവസങ്ങളിലാണ് ഉത്സവം.
കോമരം പ്രകാശൻ ചാത്തൻകുന്ന് ചടങ്ങുകൾക്ക് നേതൃത്വംനൽകി. ഉത്സവകമ്മിറ്റി ഭാരവാഹികളായ കെ. കേശവൻ, സി. മുരളി, ടി.പി. സുധീഷ് തുടങ്ങിയവർ കൊടിയേറ്റത്തിന് നേതൃത്വംനൽകി. 12, 13, 14, 15 തീയതികളിൽ ശുദ്ധികലശം, പ്രതിഷ്ഠാദിനം, താലപ്പൊലി, ഭഗവതിയാട്ട് എന്നിവ നടത്തും. ബുധനാഴ്ച രാത്രി ഏഴിനു വേമണ്ണ പ്രവാസി കൂട്ടായ്മ ഒരുക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് പഞ്ചവാദ്യങ്ങളോട് കൂടിയുള്ള താലപ്പൊലി എഴുന്നള്ളത്തും രാത്രി എട്ടു മുതൽ സിനി ആർട്ടിസ്റ്റ് നിർമ്മൽ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും അരങ്ങേറും.ശനിയാഴ്ച രാത്രി 9.30 മുതൽ വിവിധദേശങ്ങളിൽ നിന്നുള്ള പത്തോളം കൊടിവരവുകൾ ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കും.ഞായറാഴ്ച പുലർച്ചയോടെയുള്ള ആൽത്തറയിൽ നിന്നുള്ള എഴുന്നള്ളത്തോടെയാണ് ഉത്സവത്തിന് സമാപനം കുറിക്കുക.