പൊന്നാനി : ഭാരതപ്പുഴ -ബിയ്യം കായൽ ലിങ്ക് കനാൽപദ്ധതി അടിയന്തരമായി നടപ്പാക്കാൻ തീരുമാനം. താലൂക്കിലെ കൃഷിമേഖലകളിലെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി പി. നന്ദകുമാർ എം.എൽ.എ. കൃഷി, ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ചമ്രവട്ടം റെഗുലേറ്ററിന് മേൽഭാഗത്തെ ഞാറക്കലിൽനിന്ന് ശുദ്ധജലം ബിയ്യം കായലിൽ എത്തിക്കുന്നതാണ് ഭാരതപ്പുഴ -ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി. ഒൻപതു കിലോമീറ്ററിലാണ് ലിങ്ക് കനാലിന്റെ നിർമാണം.

23.5 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ അന്തിമ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് എസ്റ്റിമേറ്റ് നൽകാനും യോഗത്തിൽ ധാരണയായി.

പദ്ധതി യാഥാർഥ്യമാവുന്നതോടെ ബിയ്യംകായൽ ഏതുസമയത്തും ജലസമൃദ്ധമാകുന്നതോടൊപ്പം കോൾനിലങ്ങളിലും വെള്ളം ലഭ്യമാകും.

ഭാരതപ്പുഴയിൽനിന്ന് വെള്ളം പൈപ്പ് വഴി കൃഷിമേഖലയിലെ കനാലുകളിലേക്കും തോടുകളിലേക്കുമെത്തിച്ച് കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പൊന്നാനി കോളിലെ വിവിധ പ്രദേശങ്ങളിലെ കോൾ കർഷകർക്ക് ജലലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലാണ് ജലസേചനവകുപ്പും കൃഷിവകുപ്പും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്.

പ്രദേശത്തെ പുഞ്ചകൃഷിയും കോൾ കൃഷിയും സാധ്യമാകുന്നതോടൊപ്പം തവനൂർ, കാലടി പഞ്ചായത്തുകളിലെ ഉൾപ്പെടെ കുടിവെള്ളക്ഷാമത്തിനും പദ്ധതി യാഥാർഥ്യമാവുന്നതോടെ പരിഹാരമാകും. യോഗത്തിനുശേഷം എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം പദ്ധതിപ്രദേശം സന്ദർശിച്ചു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിന്ധു, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, തവനൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. നസീറ, വൈസ് പ്രസിഡന്റ് ടി.വി. ശിവദാസ്, പൊന്നാനി നഗരസഭാ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി, ഇറിഗേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഐ.കെ. മോഹനൻ, മേജർ ഇറിഗേഷൻ എ.ഇ. അജ്മൽ, സി.ഡബ്ല്യു.ആർ.ഡി.എം. സയന്റിസ്റ്റ് ടി.കെ. ദൃശ്യ, കർഷകപ്രതിനിധി പി. േജ്യാതിഭാസ്, ജലസേചനവകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *