പൊന്നാനി : ദീപാവലി നാളിലെ പൊന്നാനി കുറ്റിക്കാട് കണ്ണപ്പിൽ വാണിഭം ഞായറാഴ്ച നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് തുടങ്ങി ഞായറാഴ്ച രാത്രിയോടെ സമാപിക്കുന്ന വാണിഭത്തിൽ വിൽക്കാനുള്ള ഉത്പന്നങ്ങൾ എത്തിത്തുടങ്ങി. ചന്തപ്പടി മുതൽ കിഴക്കോട്ട് നഗരമേഖലയിലെ ഒരു കിലോമീറ്റർ ദൂരത്തിലാണ് കച്ചവടം നടക്കുന്നത്. മലയോരമേഖലകളിൽനിന്നുള്ള കാർഷിക വിഭവങ്ങൾ, ചേമ്പ്, കൂർക്ക, കാവത്ത്, കൂവ, മധുരച്ചേമ്പ്, നനകിഴങ്ങ്, കസ്തൂരിമഞ്ഞൾ, മാങ്ങ, ഇഞ്ചി, ഔഷധസസ്യങ്ങൾ, നാടൻ മുളക്, കരിമ്പ്, നെല്ലിക്ക, ഫലവൃക്ഷത്തൈകൾ, മുളയുത്പന്നങ്ങൾ, കയറുത്പന്നങ്ങൾ, പണി ആയുധങ്ങൾ തുടങ്ങി വിവിധ വസ്തുക്കൾ വാണിഭത്തിലുണ്ടാകും.