എടപ്പാൾ : രണ്ടു പതിറ്റാണ്ടിനുശേഷം ആലങ്കോട് കുട്ടൻനായരില്ലാതെ ക്ഷേത്ര അനുഷ്ഠാനകലയായ പാന അരങ്ങേറുന്നു. തലമുറമാറ്റത്തിനു വേദിയാകുന്നത് ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രം. പാന ആശാൻ ആലങ്കോട് ഗോവിന്ദൻകുട്ടിനായരുടെ പിന്തുടർച്ചയായാണ് മക്കളായ കുട്ടൻനായരും ഗംഗാധരൻ നായരും പാനപ്പന്തലിലെത്തുന്നത്. പിന്നീട് മേഖലയിലെ ക്ഷേത്രങ്ങളിലെല്ലാം ഇവരുടെ നേതൃത്വത്തിലാണ് കാളി-ദാരിക കഥ പറയുന്ന പാനയുടെ നടത്തിപ്പ്. രാവിലെ ആരംഭിച്ച് പിറ്റേദിവസം രാവിലെവരെ നീളുന്ന ചടങ്ങിൽ 4,444 പദം കൊണ്ട് ഈ കഥ ആവിഷ്‌കരിക്കുകയും തിരി ഉഴിച്ചിൽ, പാനച്ചാട്ടം, ഗുരുതി തുടങ്ങിയ ഒട്ടനവധി ചടങ്ങുകൾ കാണാപ്പാഠമായി അവതരിപ്പിക്കാൻ കഴിവുള്ള കലാകാരൻമാർ പ്രദേശത്ത് വേറെയില്ല. പാനപ്പാട്ടുകൾ ഈണത്തോടെ അനായാസം ചൊല്ലുകയും പ്രധാന ചടങ്ങായ തിരി ഉഴിച്ചിൽ ഭക്തിസാന്ദ്രമായും സൗന്ദര്യാത്മകമായും അവതരിപ്പിക്കുകയും ചെയ്താണ് കുട്ടൻനായർ ഈ രംഗത്ത് ശ്രദ്ധേയനായത്.
കുട്ടൻനായരുടെ അകാലവിയോഗത്തോടെ കാണാപ്പാഠമായി ചൊല്ലി അവതരിപ്പിക്കാൻ ആരുമില്ലാതായിട്ടുണ്ട്. ബുധനാഴ്ച ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലാണ് ആദ്യമായി മകൻ മണികണ്ഠൻ, ശിഷ്യരായ രാമൻ നായർ, ഉണ്ണികൃഷ്ണൻ, തായമ്പക വിദ്ഗധൻ ശുകപുരം ദിലീപ്, സഹോദരൻ ഗംഗാധരന്റെ മകനും സോപാനം പഞ്ചവാദ്യം സ്‌കൂൾ ഡയറക്ടറുമായ സന്തോഷ് ആലങ്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച കുളങ്കരയിൽ പാന നടക്കുക. ഞായറാഴ്ച മൂതൂർ കല്ലാനിക്കാവിലും പാനയുണ്ട്. കാരേക്കാട് ക്ഷേത്രത്തിലെ ഉത്സവനാളിൽ നടക്കുന്ന പാനയടക്കം പ്രദേശത്തെ ക്ഷേത്രങ്ങളിലെല്ലാം ഇനി അരങ്ങേറുന്ന പാന ഉത്സവത്തിന് പുതിയ തലമുറയുടെ സാരഥ്യം എങ്ങനെയാകുമെന്നതാണ് ഏവരുടെയും ശ്രദ്ധ.