തിരൂർ : മലയാള സർവകലാശാലയിൽ സംസ്കാര പൈതൃകപഠന സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്കൃതി 2025-ന്റെ ഭാഗമായി രാജീവൻ മാട്ടൂലും സംഘവും ചിമ്മാനക്കളി അവതരിപ്പിച്ചു. വടക്കേ മലബാറിലെ കൃഷിയുമായി ബന്ധപ്പെട്ട് പുലയസമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുനം കൃഷിയെ അടിസ്ഥാനമാക്കിയാണ് ഈ കലാരൂപം. കാട് വെട്ടിത്തെളിച്ച് വെള്ളരി, കുമ്പളം, തിന, ചോളം എന്നിവ കൃഷിയിറക്കുന്നതാണ് പുനം കൃഷിയുടെ രീതി. വിത്തിടൽ മുതൽ വിളവെടുപ്പ് വരെ കാട്ടിൽ താമസിച്ച് കൃഷി ചെയ്യുന്ന പുലയരുടെ കഷ്ടതകളും കടുത്ത ദാരിദ്രത്തിൽ കുടുംബം ഇല്ലാതായിപ്പോകുന്നതുമാണ് ചിമ്മാനക്കളി നാടകത്തിന്റെ മുഖ്യവിഷയം.
പുലയരുടെയും മാവിലരുടെയും ചരിത്രവും ദുരിതവും ജീവിതത്തിന്റെ പെടാപ്പാടുകളും പാട്ടിനോടൊപ്പം നൃത്തം, അഭിനയം എന്നിവ സംയോജിപ്പിച്ചാണ് വേദിയിലവതരിപ്പിച്ചത്.നർമ്മരസം വെളിവാക്കുന്ന പാട്ടുകളും സംഭാഷണങ്ങളും തുടികൊട്ടും ചിമ്മാനക്കളിക്ക് മിഴിവേകി. മാവിലൻ, മാവിലത്തി, മാപ്പിള തുടങ്ങിയവർ കഥാപാത്രങ്ങളായി അരങ്ങുണർത്തി.