തിരൂർ : ഓരോ അക്ഷരത്തിലും അന്തർലീനമായ ആത്മാവ് തിരിച്ചറിഞ്ഞ് എഴുതുമ്പോഴാണ് അതൊരു കലാവിഷ്കാരമായി മാറുന്നതെന്ന് ആർട്ടിസ്റ്റ് ഭട്ടതിരി പറഞ്ഞു.മലയാളസർവകലാശാലാ സംസ്കാര പൈതൃകപഠന സ്കൂൾ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ‘സംസ്കൃതി 2025’ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.എഴുത്തുകാരൻ സി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി. ജീവന്റെ ലക്ഷണമാണ് ആഖ്യാനത്വരയെന്നും ഇത് മുഖ്യമായും പ്രകടമാകുന്നത് അക്ഷരത്തിലൂടെയാണെന്നും സംസ്കാരനിലവാരം നിശ്ചയിക്കുന്നത് ഇതിന്റെ മേന്മയാലാണെന്നും സി. രാധാകൃഷ്ണൻ പറഞ്ഞു.
സർവകലാശാലാ രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ അധ്യക്ഷനായി.സംസ്കൃത സർവകലാശാലാ മുൻ വിസിയും സാംസ്കാരിക വിമർശകനുമായ ഡോ എംവി നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ ജി സജിന, ഡോ ആർ. ധന്യ, ഡോ ടി.വി. സുനീത, അശ്വതി, കെ ഗായത്രി എന്നിവർ സംസാരിച്ചു.ആഖ്യാനപൈതൃകം മുഖ്യ പ്രമേയമായ സംസ്കൃതിയുടെ ആദ്യദിനത്തിൽ വിവിധ സെഷനുകളിലായി കലാപരിപാടികളും പ്രബന്ധാവതരണവും നടന്നു. കെ.സി. നാരായണൻ, എം.എം. സചീന്ദ്രൻ, കലാമണ്ഡലം അഭിജോഷ്, ഡോ പി. പവിത്രൻ, ഡോ വൈ.വി. കണ്ണൻ, ടി.കെ. ഹംസ, സുഹറ കൂട്ടായി, സരസ്വതി, കെ.പി. കുട്ടി വാക്കാട്, വിക്രമകുമാർ മുല്ലശ്ശേരി, ഉമ്മർ കൂട്ടായി എന്നിവർ പ്രഭാഷണവും പ്രബന്ധാവതരണവും നടത്തി.
രാജീവും സംഘവും അവതരിപ്പിച്ച ചിമ്മാനക്കളിയും കണ്ണൂർ യുവകലാസാഹിതി സംഘത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ ആയഞ്ചേരി വെല്യശ്‌മാൻ വെള്ളരി നാടകവും സംസ്കൃതിയുടെ ആദ്യദിനത്തെ വേറിട്ടതാക്കി.രണ്ടാം ദിനമായ ബുധനാഴ്ച ഡോ എം. സൈനബ, ഡോ എ.കെ. അപ്പുക്കുട്ടൻ, വി.കെ. ശ്രീരാമൻ, ഡോ കെ.എം. അനിൽ, മുഹമ്മദ് അബ്ബാസ്, എച്ച്മുക്കുട്ടി, പി.വി. ഷാജികുമാർ, ആര്യാഗോപി, വി.കെ. ദീപ, ആദി, പി.പി. റിനിഷ, അനീഷ് മണ്ണാർക്കാട് എന്നിവരുടെ പ്രബന്ധാവതരണവും കലാപരിപാടികളുമുണ്ടാകും.