തിരൂർ : കലയുടെ മൂലധനം ഭാവനയും മനുഷ്യത്വവുമാണെന്നും കാലത്തെ അതിജീവിക്കണമെങ്കിൽ കലയിലും സാഹിത്യത്തിലും മാനവികാംശങ്ങളുണ്ടാകണമെന്നും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പറഞ്ഞു. മലയാള സർവകലാശാല സംസ്കാരപഠന സ്കൂൾ സംഘടിപ്പിച്ച ‘സംസ്കൃതി’യിലെ രണ്ടാംദിനത്തിൽ ‘ടെലിവിഷനിലെ വേറിട്ട ആഖ്യാനങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ.എം. അനിൽ സംവാദത്തിൽ മോഡറേറ്ററായി.
വിവിധ സെഷനുകളിലായി ഡോ. എം. സൈനബ, ഡോ. എ.കെ. അപ്പുക്കുട്ടൻ, മുഹമ്മദ് അബ്ബാസ്, എച്ച്മുക്കുട്ടി, പി.വി. ഷാജികുമാർ, ആര്യാഗോപി, ദീപ വി.കെ., ആദി എന്നിവരുടെ സംഭാഷണവും പ്രബന്ധാവതരണവും നടന്നു. പി.പി. റിനിഷയുടെ കഥാപ്രസംഗവും അനീഷ് മണ്ണാർക്കാട് അവതരിപ്പിച്ച ശീതങ്കൻ തുള്ളലും കീഴില്ലം മുടിയേറ്റ് സംഘത്തിന്റെ മുടിയേറ്റും ഏറെ ആസ്വാദ്യകരമായി. സംസ്കൃതിയുടെ സമാപനദിനമായ വ്യാഴാഴ്ച ‘നിലാക്കനവ്’ ഹ്രസ്വചിത്ര പ്രദർശനത്തോടെ പരിപാടിക്ക് തുടക്കമാവും. സമാപന സമ്മേളനത്തിനു മുന്നോടിയായി ഒറ്റ ഫോക്ക് മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിൽ പെൺകുരൽ പാട്ടുംപറച്ചിലും അരങ്ങേറും.