പൊന്നാനി : കുറഞ്ഞ ചെലവിൽ വിദേശഭാഷാ പരിശീലനം സാധ്യമാക്കുകയാണ് പൊന്നാനിയിൽ ആരംഭിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദും സ്മാരക വിദേശ ഭാഷാ പഠന-വിവർത്തന കേന്ദ്രത്തിന്റെ പ്രാരംഭ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന്റെയും മലയാള സർവകലാശാലയുടെയും നേതൃത്വത്തിൽ പൊന്നാനി ഐസിഎസ്ആർ കാമ്പസിൽ ആരംഭിച്ച ശൈഖ് സൈനുദ്ദീൻ മഖ്ദൂം സ്മാരക വിദേശ ഭാഷാ പഠന- വിവർത്തന ഉപകേന്ദ്രം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
യുവത്വം വിദേശങ്ങളിലേക്കു പോകുമ്പോൾ അവരെ ഭാഷാ നൈപുണ്യം നൽകി മികച്ച തൊഴിലിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും മികച്ച അറിവുത്‌പാദന കേന്ദ്രമാക്കി മാറ്റാൻ ഈ പദ്ധതി കൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഈ വർഷം ആരംഭിക്കുന്ന എട്ട് മികവു കേന്ദ്രങ്ങളിൽ ഒന്നാണ് കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് കേന്ദ്രം. ഇതിന്റെ മുഖ്യ കേന്ദ്രത്തിന്റെ പ്രഖ്യാപനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ നേരത്തെ നടന്നിരുന്നു.
പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായി.സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ആമുഖപ്രഭാഷണം നടത്തി.മലയാള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ, പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഐസിഎസ്ആർ കോഡിനേറ്റർ പ്രൊഫ. കെ. ഇമ്പിച്ചിക്കോയ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം അജിത്ത് കൊളാടി, വി. സൈദ് മുഹമ്മദ് തങ്ങൾ, കെ.എം. മുഹമ്മദ് കാസിം കോയ ഹാജി, സി.വി. മുഹമ്മദ് സാലിഹ്, അഡ്വ. ജിസൺ പി. ജോസ്, ഡോ. ജി. സജിന തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യം അറബിയും ജർമനും:ജർമൻ ഭാഷയിൽ എ1 കോഴ്‌സും കമ്മ്യൂണിക്കേറ്റീവ് അറബിക്കിൽ സർട്ടിഫിക്കറ്റ് കോഴ്‌സുമാണ് ഉടൻ ആരംഭിക്കുക. കൂടാതെ സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് ഭാഷകളും പരിശീലിപ്പിക്കും.പൊന്നാനി ശൈഖ് മഖ്ദൂം സൈനുദ്ദീൻ ഉപ കേന്ദ്രത്തിലെ ഓഫ് ലൈൻ ക്ലാസുകൾ പൊന്നാനി ഐസിഎസ്ആർ തുടർപഠന കേന്ദ്രത്തിലാണ് നടത്തുക. ഇതുകൂടാതെ പ്ലസ്ടു, പോളിടെക്‌നിക്ക്, ഐടിഐ എന്നീ കോഴ്‌സുകൾ കഴിഞ്ഞവർക്കും നഴ്‌സിങ്, എൻജിനീയറിങ്, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവയുടെ പഠനത്തിനായും തൊഴിൽ ആവശ്യങ്ങൾക്കായും വിദേശത്തു പോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഓൺലൈൻ ആയും ഓഫ് ലൈനായും പ്രത്യേകം ബാച്ചുകൾ ആരംഭിക്കും.
അറബിക് കോഴ്‌സ് 120 മണിക്കൂറും ജർമൻ കോഴ്‌സ് 90 മണിക്കൂറുമാണ്. ഓരോ പഠന തൊഴിൽമേഖലയ്ക്ക് ആവശ്യമായ പ്രത്യേക പദങ്ങൾ, ശൈലികൾ ഇവയുടെ പരിശീലനവും വളരെ കുറഞ്ഞ ഫീസിൽ ലഭ്യമാക്കും. അറബിക് കോഴ്‌സിന് 5000 രൂപയും ജർമൻ കോഴ്‌സിന് 10000 രൂപയും ആണ് ഫീസ്. ആദ്യത്തെ ബാച്ചിൽ ചേരുന്ന വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ടാകും.