എടപ്പാൾ : എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിൽ അവകാശികളില്ലാത്ത രണ്ടുസെന്റ് ഭൂമി കാണാതായതുസംബന്ധിച്ച പരാതിയിൽ ജില്ലാ ഹെഡ് സർവേയറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടന്നു. എം.പി. തെയ്യൻ മേനോൻ എന്നയാളുടെ അവകാശത്തിലുള്ള രണ്ടുസെന്റ് ഭൂമി ഇവിടെയുണ്ടെന്ന് രേഖകളിലുണ്ടെങ്കിലും ഭൂമി പ്രാഥമികപരിശോധനയിൽ കണ്ടെത്താനായില്ല. ഇത് പൊതുമരാമത്തുവകുപ്പിന്റെ റോഡിലേക്കോ മറ്റു സ്വകാര്യസ്ഥലങ്ങളിലേക്കോ ചേർന്നതാണോയെന്ന് വിശദമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ.
അതിനായി പൊതുമരാമത്തുവകുപ്പിനും പെട്രോൾപമ്പുടമയ്ക്കും നോട്ടീസ് നൽകി അവരുടെ സാന്നിധ്യത്തിൽ അടുത്തമാസം വിശദമായ സർവേ നടത്താനാണു തീരുമാനം.തൃശ്ശൂർ റോഡിൽ പെട്രോൾപമ്പിനു സമീപമുള്ള ഈ ഭൂമി നേരത്തേ സംസ്ഥാനപാത വികസനസമയത്തും മേൽപ്പാലം പണിയുടെ സമയത്തും നടന്ന സർവേയിലാണു കണ്ടെത്തിയത്. പിന്നീട് നടന്ന സർവേയിൽ അവിടെയില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിച്ച് പറഞ്ഞതോടെയാണ് ഡിസിസി ജനറൽസെക്രട്ടറി ഇ.പി. രാജീവും എവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ഇ.വി. അനീഷും ജില്ലാ സർവേ സൂപ്രണ്ടിന് പരാതിനൽകിയത്.
ഈ സ്ഥലത്ത് ജില്ലാപഞ്ചായത്ത് ശൗചാലയം നിർമിക്കാനായി തറക്കല്ലിടൽ നടത്തിയതാണ്. പണി ആരംഭിക്കാത്തതിനാൽ ഈ സ്ഥലം കുറച്ചുകാലം ഓട്ടോറിക്ഷക്കാരും പിന്നീട് കാർ ഡ്രൈവർമാരും അവരുടെ പാർക്കിങ്ങിനായി ഉപയോഗിച്ചിരുന്നു. അതിനുശേഷമാണ് സ്ഥലം അപ്രത്യക്ഷമായത്. വ്യാഴാഴ്ച പട്ടാമ്പി റോഡിൽ എടപ്പാൾ ഹോസ്‌പിറ്റലിനു സമീപം മുതൽ നിർദിഷ്ട സ്ഥലംവരെ അളന്നപ്പോൾ നിലവിലുള്ള അതിർത്തികളിൽ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഹെഡ് സർവേയർ ജി.ഡി. ജയകുമാരി, താലൂക്ക് സർവേയർ നാരായണൻകുട്ടി, വില്ലേജ് അസിസ്റ്റന്റ് സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.