താനൂർ : പരാതികൾ എഴുതാൻ കടലാസും പേനയും അന്വേഷിച്ചുനടക്കേണ്ട, നേരേ സ്റ്റേഷനിലേക്കു ചെന്നാൽ മതി, കടലാസും പേനയും അവിടെയുണ്ട്. സൗഹൃദത്തിൽ പരാതികൾ കേട്ട് സ്വീകരിക്കാൻ ജനസൗഹൃദ ഇടങ്ങളും. താനൂർ പോലീസ് സബ് ഡിവിഷനു കീഴിലെ താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപ്പകഞ്ചേരി, കാടാമ്പുഴ സ്റ്റേഷനുകളിലാണ് ഈ സൗഹൃദ ഇടങ്ങൾ ഒരുക്കിയിട്ടുള്ളത്.പരാതികൾ സ്വീകരിക്കാനുള്ള ഉദ്യോഗസ്ഥർ ഉണ്ടോയെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ നമ്പറിൽ വിളിച്ച് മുൻകൂട്ടി സന്ദർശനം ക്രമീകരിക്കുകയുംചെയ്യാം.
പരാതികൾക്ക് സമയത്ത് തീർപ്പോ പരിഹാരമോ ഇല്ലെങ്കിൽ ഡിവൈഎസ്‍പിക്ക് നേരിട്ട് പരാതി നൽകാനും കഴിയും. പേനയും കടലാസുമില്ലാതെ പരാതി എഴുതി നൽകാനായി പ്രയാസപ്പെടുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ നേരിൽ ബോധ്യപ്പെട്ടതിനാലാണ് സബ്ഡിവിഷനു കീഴിലുള്ള എല്ലാ സ്റ്റേഷനുകളിലും ഡിവൈഎസ്‍പി ഓഫീസിലും ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് ഡിവൈഎസ്‍പി പി. പ്രമോദ് പറഞ്ഞു. പരാതികൾ കൃത്യമായ വിവരങ്ങൾസഹിതം സ്വന്തം ഭാഷയിൽ സ്വയം എഴുതി നൽകാൻ സ്റ്റേഷനുകളിൽ പ്രത്യേക ഇടവും ഒരുക്കിയിട്ടുണ്ട്.