പൊന്നാനി : ഹാർബറിൽ പുതിയ വാർഫിനു സമീപം നങ്കൂരമിട്ടിരുന്ന മീൻപിടിത്ത ബോട്ട് കത്തിനശിച്ചു. പൊന്നാനി അഴീക്കൽ സ്വദേശി കുട്ടുമ്മാനകത്ത് ഫിർദൗസിന്റെ ഉടമസ്ഥതയിലുള്ള മുഹമ്മദ് സഹദെന്ന ബോട്ടാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച അർധരാത്രി 12.30-ഓടെയാണ് സംഭവം.മീൻപിടിത്തം കഴിഞ്ഞെത്തി മറ്റു ബോട്ടുകൾക്ക് സമീപം കെട്ടിയിട്ടതായിരുന്നു. ബോട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട മത്സ്യത്തൊഴിലാളികൾ ബോട്ടിനടുത്തേക്ക് ഓടിയെത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. തുടർന്ന് മറ്റു ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ ബോട്ടിന്റെ കെട്ടഴിച്ചുവിട്ടു. ഇതോടെ ബോട്ട് നിർത്തിയിട്ടിരുന്ന ഭാഗത്തുനിന്ന് അകന്നു മാറി.
പഴയ ജങ്കാറിനോട് ചേർന്നുള്ള പുഴയിൽവെച്ച് ബോട്ടിന്റെ ഉൾഭാഗം പൂർണമായും കത്തിയമർന്നു. ഇതിനിടെ അഗ്നിരക്ഷാസേനയും ഫിഷറീസ് റെസ്‌ക്യൂ ടീമും മത്സ്യത്തൊഴിലാളികളും ചേർന്ന് തീയണച്ചു. 15 മിനിറ്റോളം അഗ്‌നിബാധയുണ്ടായി. ഇതോടെ ബോട്ടിന്റെ മുക്കാൽഭാഗവും കത്തിയമർന്നു. കൂടാതെ ബോട്ടിലുണ്ടായിരുന്ന വലയും ജിപിഎസും വയർലെസ് സംവിധാനങ്ങളും കത്തിനശിച്ചു. തീപ്പിടിത്ത കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 40 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുമ്പാണ് അറ്റകുറ്റപ്പണികൾ നടത്തി ബോട്ട് കടലിലിറക്കിയത്.