എരമംഗലം : മാറഞ്ചേരി പഞ്ചായത്ത് അംഗവും പാതിവില തട്ടിപ്പുകേസിലെ പ്രതിയുമായ അഡ്വ. കെ.എ. ബക്കർ ബോർഡ് യോഗത്തിൽ ഒപ്പുവെച്ചതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും പ്രതിഷേധവും.ബുധനാഴ്ച മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ബജറ്റ് അവതരണത്തിന് വൈസ് പ്രസിഡന്റ് ടി.വി. അബ്ദുൽ അസീസ് എത്തുന്നതോടെയാണ് ബോർഡ് യോഗം നടക്കുന്ന ഹാജർ രേഖപ്പെടുത്തുന്ന മിനുട്സ് ബുക്കിൽ ബക്കർ ഒപ്പുവെച്ചത്. പഞ്ചായത്ത് അംഗങ്ങളുടെ ഒപ്പ് രേഖപ്പെടുത്തുന്നതിന് ചുമതലയുണ്ടായിരുന്ന ജീവനക്കാരിയിൽനിന്ന് ബുക്ക് വാങ്ങിയശേഷമായിരുന്നു ഒപ്പുവെച്ചത്. ഒപ്പുവെച്ചശേഷം സീറ്റിൽ ഇരിക്കാൻ ജീവനക്കാരി ആവശ്യപ്പെട്ടുവെങ്കിലും മറ്റു തിരക്കുണ്ടെന്ന് പറഞ്ഞു പഞ്ചായത്തംഗം സ്ഥലംവിടുകയായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ ഒപ്പുമാത്രം വെച്ചുപോയ പഞ്ചായത്തംഗത്തിന്റെ ഹാജർ രേഖപ്പെടുത്താൻ കഴിയില്ലെന്ന് വൈസ് പ്രസിഡന്റിന്റെ ബജറ്റ് അതരണത്തിനിടെ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന പറഞ്ഞു.
ഇതോടെ കോൺഗ്രസ് അംഗങ്ങൾ ‘പ്രസിഡന്റ് നീതി പാലിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധം ഉയർത്തി. യുഡിഎഫ് ജനപ്രതിനിധികളിൽ ലീഗിന്റെ ഏക അംഗം കൂടിയാണ് അഡ്വ. കെ.എ. ബക്കർ. തുടർച്ചയായി മൂന്നു മാസത്തെ ബോർഡ് യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ പഞ്ചായത്തംഗം അയോഗ്യനാവും.പാതിവില തട്ടിപ്പ് കേസിൽ പ്രതിയായശേഷം ഫെബ്രുവരി മുതൽ നടന്ന ബോർഡ് യോഗങ്ങളിൽ ബക്കർ പങ്കെടുത്തിരുന്നില്ല.യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധങ്ങൾ വകവെയ്ക്കാതെ വൈസ് പ്രസിഡന്റ് ബജറ്റ് അവതരണം തുടർന്നതോടെ കോൺഗ്രസ് നേതാവ് കൂടിയായ പത്താം വാർഡ് അംഗം സുലൈഖ മുദ്രാവാക്യം വിളികളിൽനിന്ന് മാറി കൂക്കുവിളിയോടെ പ്രതിഷേധം കടുപ്പിച്ചു. ഇതോടെ പഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ ഇടപെട്ടു.
പഞ്ചായത്ത് ആക്ട് പരിശോധിച്ച് ബക്കറിന്റെ ഒപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാമെന്നു പറഞ്ഞതോടെ കോൺഗ്രസ് അംഗങ്ങൾ ശാന്തരാവുകയായിരുന്നു. ബജറ്റ് അവതരണത്തിനുശേഷം നടന്ന ചർച്ചയിൽ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തില്ല.ഭരണപക്ഷത്തുനിന്ന് സിപിഎം, സിപിഐ, എൻസിപി പ്രതിനിധികളും ഏക എസ്‌ഡിപിഐ അംഗമായ നിഷാദ് അബൂബക്കറും ചർച്ചയിൽ പങ്കെടുത്ത് ബജറ്റിനെ പിന്തുണച്ചു.ബജറ്റ് അവതരണം കൈയാങ്കളിയിൽ എത്തുമെന്നതിനാൽ പ്രസിഡന്റ് അറിയിച്ചതിനെത്തുടർന്ന് പെരുമ്പടപ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.