എടപ്പാൾ : രണ്ടു പതിറ്റാണ്ടായി ക്ഷേത്രാനുഷ്ഠാന കലയായ പാനയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ആലങ്കോട് കുട്ടൻനായരുടെ വിയോഗത്തിനു ശേഷം പുതിയ നിയോഗം ഏറ്റെടുത്ത് മകൻ ആലങ്കോട് സന്തോഷ്‌കുമാർ.പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിനു ശേഷം പാനയുടെ ഭാവിയെന്താകുമെന്ന് ഭക്തരടക്കമുള്ളവർ ആശങ്കപ്പെട്ടിരിക്കെയാണ് ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിലെ പാന എത്തിയത്. 24 മണിക്കൂർ നീളുന്ന അപൂർവ ക്ഷേത്രകലയായ പാനയുടെ ചടങ്ങുകളും 4444 പദം കൊണ്ട് കാളി-ദാരിക കഥയും ചിട്ടയോടെ ആവിഷ്‌കരിക്കുന്നതിലും അച്ഛന്റെ അഭാവത്തിൽ സന്തോഷ്‌കുമാർ, ശുകപുരം ദിലീപ്, രാമകൃഷ്ണൻ എന്നിവർക്കൊപ്പം തായമ്പക കലാകാരൻ ശുകപുരം രാമകൃഷ്ണൻ, എസ്.വി. ഉണ്ണികൃഷ്ണൻ, രഞ്ജിത് ശുകപുരം, വെളിച്ചപ്പാട് എം.പി. പ്രസാദ് എന്നിവരും കാഴ്ചവെച്ച വൈഭവം ഏറെ ശ്രദ്ധിക്കപ്പെട്ടു.
മൂതൂർ കല്ലാനിക്കാവിലെ പാനയും സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടന്നത്.കുട്ടൻ നായരുടെ മൂത്ത മകൻ ആലങ്കോട് മണികണ്ഠൻ, ശിഷ്യൻമാരായ ആലങ്കോട് രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഗിരീശൻ, വേണു, ഉണ്ണികൃഷ്ണൻ വെളിച്ചപ്പാട്, വത്സലൻ തണ്ണീർക്കോട് തുടങ്ങിയവർ പാനസംഘത്തിലുണ്ടായിരുന്നു.സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പലതവണ ഒന്നാം സ്ഥാനം നേടിയ കലാകാരനാണ് സന്തോഷ്‌കുമാർ. ഒരിക്കൽ ലഭിക്കാതെപോയ ഒന്നാംസ്ഥാനം ഹൈക്കോടതി ഉത്തരവിലൂടെ ലഭിച്ചിട്ടുമുണ്ട്. മലമൽക്കാവ് തായമ്പക മത്സരത്തിലും പലതവണ ഒന്നാംസ്ഥാനം നേടി. തായമ്പകയിലെ മുന്നണി കലാകാരനാണ് സന്തോഷ്.