തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണിയുമായി എത്തിയ ഫോണ്‍ കോള്‍ വ്യാജമെന്ന് പോലീസ്. ഭീഷണി സന്ദേശത്തിന് പിന്നിലുള്ള പൊഴിയൂര്‍ സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് അറിയിച്ചു. പൊഴിയൂര്‍ ലക്ഷംവീട് കോളനിയില്‍ നിധിന്‍ (30) ആണ് കസ്റ്റഡിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
നിധിന്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ട് പോയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഇതിനെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ച രാവിലെയോടെ 112-ല്‍ പോലീസ് ആസ്ഥാനത്തേക്കാണ് വ്യാജ ഫോണ്‍ സന്ദേശം എത്തിയത്. കന്റോണ്‍മെന്റ് പോലീസ് ഉള്‍പ്പെടെയുള്ള സംഘമാണ് സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തിയത്.