തിരൂർ : പൂക്കയിൽ-ഉണ്യാൽ റോഡിൽ ഉണ്യാൽ അങ്ങാടി എത്തുന്നതിനു മുൻപ് കനോലി കനാലിന് കുറുകെ നിർമിച്ച പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ. പൊതുമരാമത്തു വകുപ്പ് ഈ റോഡിലൂടെയുള്ള ഭാരവാഹന ഗതാഗതം നിരോധിച്ചിട്ട് നാലുമാസത്തിലേറെയായി. ഈ പാലത്തിലൂടെയുള്ള ബസ് സർവീസും നിർത്തി. തിരൂരിൽനിന്ന് കൂട്ടായി ഭാഗത്തേക്കും താനൂർ ഭാഗത്തേക്കും ധാരാളം ബസ് സർവീസ് നടത്തിയിരുന്നത് ഈ പാലത്തിലൂടെയായിരുന്നു.
എന്നാൽ പാലത്തിന്റെ കേടുപാടുകൾ തീർക്കാനോ പുതിയ പാലം നിർമിക്കാനോ അധികൃതർ യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇതുവഴി യാത്രചെയ്തിരുന്ന പ്രദേശത്തുകാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. കൂടാതെ സർവീസ് നടത്തിയിരുന്ന ബസ് ജീവനക്കാർക്കും പ്രയാസം നേരിടേണ്ടിവരുന്നുണ്ട്. താനൂരിൽനിന്ന് ഉണ്യാൽ വഴി ഓടിക്കൊണ്ടിരുന്ന ബസുകൾ ഉണ്യാലിൽനിന്ന് പറവണ്ണ വന്ന് മുറിവഴിക്കൽ, ജനതാബസാർ വഴി കറങ്ങി പഞ്ചാരമൂലയി ലെത്തി തിരൂരിലേക്കു പോകണം. ദൂരം കാരണം ബസുകൾക്ക് സമയക്രമം പാലിക്കാനും കഴിയുന്നില്ല.
പ്രശ്നപരിഹാരത്തിന് ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരുദിവസം ബസുകൾ പണിമുടക്കിയിരുന്നു. ധാരാളം വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ഇതുവഴി പറവണ്ണ, കൂട്ടായി തുടങ്ങിയ സ്ഥലങ്ങളിലുള്ള സ്‌കൂളുകളിലേക്കും വാക്കാട് ടിഎംജി കോളേജിലേക്കും മലയാളസർവകലാശാലയിലേക്കും യാത്രചെയ്യുന്ന പ്രധാന റോഡാണ് പൂക്കയിൽ-ഉണ്യാൽ റോഡ്. ഈ റോഡിൽ ഗതാഗതം നിരോധിച്ചതുകൊണ്ട് യാത്രക്കാർക്കു വലിയ പ്രയാസമുണ്ട്. നിറമരുതൂർ പഞ്ചായത്തിലെ തീരദേശ ഭാഗത്തുള്ളവരും വെട്ടം, താനാളൂർ പഞ്ചായത്തിലുള്ള വരും ഈ പാലത്തിലൂടെയായിരുന്നു യാത്രചെയ്തത്.
തേവർ കടപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കു പോകാൻ രോഗികൾ ഈ പാലമാണ് ആശ്രയിക്കുന്നത്. ചക്കരമൂല, പഞ്ചാരമൂല, ഉണ്യാൽ വഴി താനൂരിലേക്കുള്ള ബസ് റൂട്ടും തിരൂർ, പൂക്കയിൽ, ഉണ്യാൽ വഴി കൂട്ടായിലേക്കും ഈ പാലത്തിനു മുകളിലൂടെയായിരുന്നു ബസുകൾ സർവീസ് നടത്തിയിരുന്നത്. ഉണ്യാൽ-പറവണ്ണ റൂട്ടിൽ ബസില്ല. പറവണ്ണയിൽനിന്ന് തിരിഞ്ഞ് മുറിവഴിക്കൽ, ജനതാബസാർ വഴിയാണ് തിരൂരിലേക്കു പോകുന്നത്. ഉണ്യാലിനും പറവണ്ണയ്ക്കും ഇടയിലുള്ള പ്രദേശത്തുകാർക്ക് ബസ് സർവീസില്ല.