തിരൂർ : ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ്ചെയ്യാനുള്ള ചാർജിങ് സ്റ്റേഷനുകൾ ഇനിയും യാഥാർഥ്യമായില്ല. തിരൂർ മിനി സിവിൽസ്റ്റേഷൻ വളപ്പിൽ ജോയിന്റ് ആർടിഒ ഓഫീസിനോടു ചേർന്ന് സ്ഥാപിച്ച 35 കെവി ഫാസ്റ്റ് ചാർജർ വൈദ്യുതി കണക്‌ഷൻ കിട്ടാത്തതിനാൽ ഷീറ്റുകൊണ്ടു മൂടിക്കെട്ടിയിരിക്കുകയാണ്. പൊന്നാനി, തിരൂങ്ങാടി, നിലമ്പൂർ, കോട്ടയ്ക്കൽ എന്നിവിടങ്ങളിലും അനുമതിപത്രം കിട്ടാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.തിരൂർ മിനി സിവിൽസ്റ്റേഷൻ വളപ്പിൽ സ്ഥാപിച്ച ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിക്കണമെങ്കിൽ 85 മീറ്ററോളം പ്രത്യേകം വൈദ്യുതിലൈൻ വലിക്കേണ്ടതുണ്ട്.
മലപ്പുറം സിവിൽസ്റ്റേഷനിൽ വൈദ്യുതി കണക്‌ഷൻ ലഭിച്ചാൽ ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചു തുടങ്ങും. എംവിഡിക്ക് ജില്ലയിൽ ആറു ഇലക്‌ട്രിക്കൽ വാഹനങ്ങളാണുള്ളത്. ഇപ്പോൾ ഈ വാഹനം എട്ടുമണിക്കൂർ നോർമൽ ചാർജിങ്ങാണു നടക്കുന്നത്. എട്ടുമണിക്കൂർ ചാർജ്ചെയ്താൽ ഏകദേശം 160 കിലോമീറ്റർ വരെയേ ഓടാൻ കഴിയൂ. ഏതാണ്ട് അഞ്ചുമണിക്കൂറാകുമ്പോഴേക്കും ചാർജ് കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന എംവിഡി സ്‌ക്വാഡിന് ഹൈസ്‌പീഡ് ചാർജിങ് സ്റ്റേഷൻ ഇല്ലാത്തതുകാരണം കാര്യമായി പ്രവർത്തിക്കാൻ കഴിയില്ല. പൊതുജനങ്ങൾക്കും പണമടച്ച് വാഹനം ചാർജ്ചെയ്യാനുള്ള അവസരവുമാണ് നീളുന്നത്.