തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലെ തിരൂർ പ്രാദേശിക കേന്ദ്രം വ്യാകരണ വിഭാഗം നടത്തുന്ന ദ്വിദിന ദേശീയ വാക്യാർത്ഥസദസ്സിന് തുടക്കമായി. സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി വാക്യാർത്ഥസദസ്സ് ഉദ്ഘാടനം ചെയ്തു. സംസ്കൃതത്തിലുള്ള വൈജ്ഞാനികസമ്പത്ത് പൊതുസമൂഹത്തിനുകൂടി ഉപകാരപ്പെടുംവിധം വിനിമയം ചെയ്യുന്നതിന് ഇത്തരം സദസ്സുകൾ സഹായകമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
വ്യാകരണ വിഭാഗം അധ്യക്ഷ ഡോ. കെ. യമുന അധ്യക്ഷത വഹിച്ചു. പ്രാദേശിക കേന്ദ്രം ഡയറക്ടർ ഡോ. എം. മൂസ, പ്രോഗ്രാം കോഡിനേറ്റർ ഡോ. അബ്ദുള്ള ഷാ എന്നിവർ സംസാരിച്ചു. പണ്ഡിതസഭയിൽ പ്രൊഫ. വിരാമകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു.ഡോ. സുന്ദരേശ്വരൻ, ഡോ. കൃഷ്ണകുമാർ, ഡോ. രാധാകൃഷ്ണ ബാനർജി, ഡോ. കെ. യമുന, ഡോ. വസന്തകുമാരി, ഡോ. ഇ.എം. രാജൻ തുടങ്ങിയവർ വാക്യാർത്ഥവിചാരത്തിന് നേതൃത്വം നൽകി. അധ്യാപകരും ഗവേഷകരും വിദ്യാർഥികളും വാക്യാർത്ഥസദസ്സിന്റെ ഭാഗമായി. സദസ്സ് വെള്ളിയാഴ്ച സമാപിക്കും.