തിരൂർ : ഒമാനിൽനിന്ന് 141.58 ഗ്രാം എംഡിഎംഎ മുംബൈയിലെത്തിച്ച് അതുമായി തീവണ്ടിയിൽ തിരൂരിലെത്തിയ യുവാവ് കൂട്ടാളികൾക്കൊപ്പം അറസ്റ്റിലായി. ആനമങ്ങാട് സ്വദേശി പുല്ലാണിക്കൽ ഹൈദരലി(29), വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ(37), കണ്ണമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ(33) എന്നിവരാണ് തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടിയിലായത്.തിരൂർ പോലീസും തിരൂർ, പെരിന്തൽമണ്ണ ഡാൻസാഫ് അംഗങ്ങളും ചേർന്ന് നഗരത്തിലുടനീളം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹൈദരലി ദിവസങ്ങൾക്കു മുൻപ് വിസിറ്റിങ്ങിനായി ഒമാനിൽ പോയതായിരുന്നു. മൂന്നു ദിവസം മുമ്പ് മയക്കുമരുന്നുമായി മുംബൈയിലെത്തി. മറ്റു രണ്ടു പ്രതികളെയും കൂട്ടി അവിടെ നിന്ന് തീവണ്ടി വഴി തിരൂരിൽ എത്തി.
റെയിൽവേസ്റ്റേഷൻ സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ മയക്കുമരുന്നുമായി കടന്നുകളയാൻ ശ്രമിക്കവേയാണ് സംഘം പിടിയിലായത്. ഒമാനിൽവെച്ച് പാകിസ്താനിയിൽനിന്നാണ് ഇതു വാങ്ങിയതെന്നും 360 റിയാൽ നൽകിയെന്നും ഹൈദരലി പോലീസിനോട് പറഞ്ഞു. കേരളത്തിൽ അഞ്ചു ലക്ഷത്തോളം രൂപയ്ക്ക് വിൽക്കാനാണ് തയ്യാറെടുത്തിരുന്നത്.തിരൂർ ഡിവൈഎസ്‍പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, കെ.ആർ. രാജേഷ് , ബിനു, ധനീഷ് കുമാർ, വിവേക്, സതീഷ് കുമാർ, ദിൽജിത്, സുജിത്, ജവഹർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.