കുറ്റിപ്പുറം : കുറ്റിപ്പുറം നഗരത്തിലെ ബസ് സ്റ്റാൻഡിലെത്തിയാൽ പരിചയമില്ലാത്തവർ നട്ടംതിരിയും. കാരണം സ്റ്റാൻഡിന്റെ നടുവിലൂടെ ഒരു റോഡ് പോകുന്നുണ്ട്.എന്നാൽ റോഡ് ഏതാണെന്നും സ്റ്റാൻഡ് ഏതാണെന്നും തിരിച്ചറിയുകയുമില്ല. ഇതുകാരണം റോഡിലൂടെ പോകുന്ന വാഹനങ്ങളും സ്റ്റാൻഡിലുള്ള ബസ്സുകളും തമ്മിൽത്തന്നെ ആശയക്കുഴപ്പമുണ്ടാകാറുണ്ട്.ബസ് സ്റ്റാൻഡിന് നടുവിലൂടെയായിരുന്നു പഴയ ദേശീയപാത 66- കടന്നു പോയിരുന്നത്. ഈ ദേശീയപാത റോഡ് വടക്കെ അങ്ങാടി വഴി നിലവിലെ ദേശീയപാത 66- ലെ അത്താണിപ്പടിയിൽ എത്തിച്ചേരുമായിരുന്നു.ഇപ്പോഴും ഗവ. ഹയർസെക്കൻഡറി സ്കൂൾ, സബ് രജിസ്‌ട്രാർ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ളവർക്ക് വാഹനത്തിൽ പോകാൻ ഈ അദൃശ്യ റോഡ് തന്നെയാണ് ആശ്രയം.
ഗവ. ഹയർ സെക്കൻഡറി സ്കൂൾ,സബ് രജിസ്‌ട്രാർ ഓഫീസ് ഭാഗങ്ങളിലേക്കുള്ളവർ ബസ് സ്റ്റാൻഡു വഴി വാഹനവുമായി പോകുമ്പോൾ തലങ്ങും വിലങ്ങും കടന്നുപോകുന്ന ബസുകൾക്കു മുൻപിൽ പെടാതിരിക്കാൻ നല്ല പരിശീലനം വേണം.ബസ് സ്റ്റാൻഡിന് നടുവിലൂടേയുള്ള റോഡിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തണമെന്ന ആവശ്യം ഇതുവരേയും നടപ്പിലായിട്ടില്ല. കഴിഞ്ഞവർഷം ചേർന്ന ഗതാഗത പരിഷ്കാര കമ്മിറ്റി യോഗം ബസ് സ്റ്റാൻഡിലെ റോഡ് പ്രത്യേകം അടയാളപ്പെടുത്താൻ തീരുമാനമെടുത്തിരുന്നെങ്കിലും ഒന്നും നടന്നില്ല.അനുവദിക്കപ്പെട്ട സമയത്തിനു മുൻപ് ബസ് ട്രാക്കിൽ നിന്നെടുത്ത് റോഡ് തടസ്സപ്പെടുത്തുംവിധം നിർത്തി യാത്രക്കാരെ കയറ്റുന്നത് പതിവു കാഴ്ചയാണ്.ഈ സമയത്ത് ഇതുവഴി മറ്റുവാഹനങ്ങൾ കടന്നു വന്നാൽ പിന്നെ ആ വാഹനങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല. ഇതിനെച്ചൊല്ലി ബസ് ജീവനക്കാരും വാഹന യാത്രക്കാരും തമ്മിൽ വാക്കേറ്റം നിത്യസംഭവമാണ്.