പൊന്നാനി : പൊതുപ്രവർത്തനത്തിനും അഭിഭാഷകജോലിക്കുമിടയിൽ കിട്ടുന്ന സമയം കൃഷിക്കായി മാറ്റിവെച്ച് പാവൽക്കൃഷിയിൽ നൂറുമേനി വിളവെടുത്തിരിക്കുകയാണ് കെപിസിസി അംഗം അഡ്വ. കെ. ശിവരാമൻ. വേനൽ പച്ചക്കറിക്കൃഷിയിൽ ഇത്തവണ പാവൽ കൃഷിചെയ്താണ് വിജയം കൈവരിച്ചത്. കാർഷിക സർവകലാശാല വികസിപ്പിച്ച ഇരുനൂറോളം പാവൽ തൈകളാണ് ഉപയോഗിച്ചത്. തവനൂർ കാർഷിക സർവകലാശാലാ സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ബി.സി. അഖിൽരാജാണ് ആവശ്യമായ നിർദേശങ്ങൾ നൽകിയത്.
സുഹൃത്ത് മുല്ലപ്പള്ളി മുത്തുവിന്റെ സ്ഥലമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ഭാര്യ ഡോ. പ്രമീളയും മകൻ ചരൺ കെ. റാമും കൃഷിയിടത്തിൽ ശിവരാമനെ സഹായിക്കും. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം വിളവെടുപ്പുത്സവം ഉദ്ഘാടനംചെയ്തു. ഈഴുവത്തിരുത്തി കൃഷി ഓഫീസർ ടി.എം. സുരേഷ് അധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല ആദ്യ വിളവെടുപ്പ് സ്വീകരിച്ചു.