തിരൂർ : ഗതാഗതനിയമം ലംഘിച്ച വാഹനമുടമകൾക്ക് പിഴയടയ്ക്കാൻ മോട്ടോർവാഹന വകുപ്പും പോലീസും ചേർന്ന് തിരൂർ ഡിവൈഎസ്‌പി ഓഫീസിൽ അദാലത്ത് നടത്തി. നിയമം ലംഘിച്ച 887 പേർക്ക് ട്രഷറിയിൽ 7,28,000 രൂപ പിഴയടയ്ക്കാൻ ചലാൻ നൽകി നടപടി പൂർത്തിയാക്കി.പോലീസും മോട്ടോർവാഹന വകുപ്പും നിയമം ലംഘിച്ച വാഹനങ്ങൾ പിടികൂടിയെങ്കിലും ഇവർ പിഴയടച്ചിരുന്നില്ല.
ഒടുവിൽ പോലീസിലും മോട്ടോർവാഹന വകുപ്പിലും പിഴസംഖ്യ അടയ്ക്കാൻ കഴിയാതെ വരുകയും നടപടികൾക്കായി കോടതിയിലെത്തുകയുംചെയ്ത കേസുകൾക്കാണ് അദാലത്തിലൂടെ ട്രഷറിയിൽ പണമടയ്ക്കാൻ അവസരം ലഭിച്ചത്.പോലീസ് പിടികൂടിയ കേസുകളിൽ 630 പേരിൽനിന്ന് 3,90,500 രൂപ ട്രഷറിയിൽ കെട്ടാൻ അദാലത്തിൽ ചലാൻ നൽകി. മോട്ടോർവാഹന വകുപ്പ് പിടികൂടിയ 257 പേരിൽനിന്ന് 3,37,500 രൂപ ട്രഷറിയിൽ കെട്ടാനും അദാലത്തിൽ ചലാൻ നൽകി.അദാലത്തിൽ പോലീസിനുവേണ്ടി മലപ്പുറം ഡിസിആർബി എസ്ഐ ജയരാജ്, മോട്ടോർവാഹന വകുപ്പിനുവേണ്ടി എഎംവിഐ സിബി ഡിക്രൂസ് എന്നിവർ പങ്കെടുത്തു.