പൊന്നാനി/താനൂർ : ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ പോകുന്നതായുള്ള മുന്നറിയിപ്പെത്തി… പിന്നാലെ പോലീസും അഗ്നിരക്ഷാസേനയും ഉദ്യോഗസ്ഥരുമുൾപ്പെട്ട സംഘം രക്ഷാപ്രവർത്തനത്തിനു സജ്ജരായി.. തീരത്തുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു..’പരിക്കേറ്റവരു’മായി ആംബുലൻസുകൾ ആശുപത്രിയിലേക്ക് കുതിക്കുന്നു.. ഇതെല്ലാം കണ്ട് ജില്ലയിലെ തീരദേശത്തുള്ളവർ വെള്ളിയാഴ്ച ആദ്യമൊന്ന് പകച്ചുപോയെങ്കിലും എല്ലാം മോക്ഡ്രില്ലായിരുന്നെന്ന് മനസ്സിലായതാടെ തീരത്ത് വീശി ആശ്വാസക്കാറ്റ്…
ചുഴലിക്കാറ്റ് അടക്കമുള്ള ദുരന്തങ്ങൾ നേരിടാൻ തീരദേശ ജനതയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി നടന്ന മോക്ഡ്രില്ലിന്റെ ഭാഗമായി ജില്ലയിൽ പൊന്നാനി, താനൂർ ഫിഷിങ് ഹാർബറുകളിലാണ് പരിശീലനം നടന്നത്.കളക്ടറേറ്റിൽ സജ്ജീകരിച്ച കൺട്രോൾ റൂമിൽനിന്ന് കളക്ടർ വി.ആർ. വിനോദ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ, പോലീസ്, അഗ്നിരക്ഷാസേന, ആരോഗ്യം, തദ്ദേശ സ്വയംഭരണം, പി.ആർ.ഡി, ഗതാഗതം, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.പൊന്നാനി ഹാർബറിൽ തഹസിൽദാർ ടി. സുജിത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
തീരത്തുള്ള 12 കുടുംബങ്ങളിലെ 49 പേരെ ജിഎംഎൽപി സ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു.മോക്ഡ്രില്ലിനുശേഷം നടന്ന അവലോകനയോഗത്തിൽ തഹസിൽദാർ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിശദീകരിച്ചു.താനൂരിൽ ഒട്ടുംപുറം ഫാറൂഖ് പള്ളിക്ക് സമീപത്തായിരുന്നു മോക്ഡ്രിൽ പരിശീലനം. മോക്ഡ്രിൽ പരിശീലനത്തിന് തഹസിൽദാർ സി.കെ. ആഷിഖ് ഇൻസിഡെന്റ് കമാൻഡറായി.
ഉച്ചയ്ക്കു പന്ത്രണ്ടോടെ ജാഗ്രതാ നിർദേശം പിൻവലിക്കുകയും മോക്ഡ്രിൽ അവസാനിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുകയും ചെയ്തു. ശേഷം താനൂർ ഫിഷറീസ് സ്കൂളിൽച്ചേർന്ന യോഗത്തിൽ തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, തഹസിൽദാർ സി.കെ. ആഷിഖ്, താനൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ രാജേന്ദ്ര നാഥ്, ഡിവൈഎസ്‌പി പി. പ്രമോദ്, എംവിഐ കെ.എം. അസൈനാർ, ഫിഷറീസ്, തീരദേശ പോലീസ് അധികൃതർ എന്നിവർ പങ്കെടുത്തു.