എടപ്പാൾ : ട്രാഫിക് സിനിമയിലെ ഒരു സംഭാഷണമുണ്ട്. ഇപ്പോൾ താങ്കൾ ഒരു യെസ് പറഞ്ഞാൽ അത് ചരിത്രമാകും. നോ പറഞ്ഞാൽ എന്നത്തേയും പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. ഏതാണ്ട് അതേ സ്ഥിതിയാണ് എടപ്പാളിൽ ഇപ്പോൾ നിലനിൽക്കുന്നത്. നാലു പതിറ്റാണ്ടായി പല ഭരണസമിതികളും ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതി പ്രാവർത്തികമാക്കാനൊരുങ്ങുന്നത്. ചിലരുടെ ഭാഗത്തുനിന്നുള്ള ‘യെസ്’ കിട്ടിയാൽ എടപ്പാളിൽ ബസ്‌സ്റ്റാൻഡ് യാഥാർഥ്യമാകും. അതോടെ ഇപ്പോഴത്തെ ഭരണസമിതിക്കും അതിന്റെ സാരഥികൾക്കും അവരുടെ പേരുകൾ ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള അവസരമാകും വന്നുചേരുക.
തുടക്കം 40 വർഷം മുൻപ്
നാലു പതിറ്റാണ്ട് മുൻപ് വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് ഭരിച്ച സിപിഎം നേതാവായിരുന്ന സി. രാഘവന്റെ കാലഘട്ടത്തിലാണ് എടപ്പാളിൽ ബസ്‌സ്റ്റാൻഡ് നിർമിക്കാൻ ആദ്യം ശ്രമം നടന്നത്. പട്ടാമ്പി റോഡിൽ ഇപ്പോൾ ഷോപ്പിങ് സമുച്ചയം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നു നോക്കിയത്. സ്വകാര്യ പങ്കാളിത്തത്തോടെയായിരുന്നു നീക്കം. എന്നാൽ ഇടയ്ക്കുവെച്ച് ചർച്ചകൾ നിലച്ചു. ശ്രമം പാഴായി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്റ്റാൻഡ് കൊണ്ടുവരാനായി കോൺഗ്രസ് നേതാവ് ടി.പി. കുഞ്ഞിമരക്കാർ പ്രസിഡന്റായ കാലത്തും സിപിഎം നേതാവ് പൊൽപ്പാക്കര പത്മനാഭന്റെ കാലത്തും ശ്രമങ്ങൾ നടന്നെങ്കിലും അവയൊന്നും വിജയത്തിലെത്തിയില്ല.
ഏക്കർ കണക്കിന് സ്ഥലം ടൗണിനോടനുബന്ധിച്ച് വെറുതെകിടന്നിരുന്ന കാലമായിരുന്നു അത്. ഇന്നത്തെപ്പോലെ കോടികൾ വിലയുമില്ല. പക്ഷേ എന്തൊക്കെയോ തടസ്സങ്ങൾകൊണ്ട് എടപ്പാളിന് മാത്രം ആ ഭാഗ്യം കൈവന്നില്ല.പിന്നീട് ഇപ്പോഴാണ് ഇത്തരത്തിൽ ഒരുനീക്കം ഏതാണ്ട് വിജയത്തോടടുത്തിട്ടുള്ളത്.
ചർച്ചകൾ വിജയം
കുറ്റിപ്പുറം റോഡിലെ നിലവിലുള്ള ചെറിയ പാത വീതികൂട്ടി പൊന്നാനി റോഡിൽ ‘മാതൃഭൂമി’ ഓഫീസിന് പിറകിലുള്ള സ്റ്റാൻഡിനായി കണ്ടെത്തിയ ഉബൈദ് കോലൊളമ്പിന്റെ സ്ഥലത്തേക്ക് ബസ്സുകൾ എത്തുന്ന വിധത്തിലുള്ള പദ്ധതിയിൽ ഒരു സ്ഥലമുടമയൊഴികെയെല്ലാവരും സ്ഥലം വിട്ടുനൽകാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുമായി വെള്ളിയാഴ്ച രാത്രി ചർച്ചയുണ്ട്. അവശേഷിക്കുന്ന ആശങ്കകൾ കൂടി വിജയകരമായി പരിഹരിച്ചാൽ പദ്ധതി യാഥാർഥ്യമാകും.
അത്രയും പ്രയാസമില്ലാത്തതും വളവില്ലാത്തതുമായ മറ്റൊരു മാർഗമാണ് ക്രസന്റ് പ്ലാസയുടെ പാർക്കിങ് മൈതാനിയും റീഗൽ ജുവലറിയുടെ പിറകിലെ സ്ഥലവുംകൂടി ഉപയോഗപ്പെടുത്തി കൂടുതൽ ദീർഘവീക്ഷണത്തോടെയും ദീർഘദൂര സ്വകാര്യ-കെഎസ്ആർടിസി ബസുകളെയും സ്റ്റാൻഡിലെത്തിക്കുന്ന വിധത്തിലുള്ള മറ്റൊരുപദ്ധതി. ഇതെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഉടമകളുമായി നടന്ന ചർച്ചകൾ ഏറെക്കുറെ വിജയകരമാണെന്നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് പറയുന്നത്.ചർച്ച പൂർത്തിയായാൽ വിപുലീകരിച്ച പ്ലാൻ തയ്യാറാക്കി ഉടൻതന്നെ തുടർനടപടികളാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.