തിരൂർ : സുകുമാർ അഴീക്കോടിന്റെ ഗ്രന്ഥശേഖരം സർക്കാരിന് വിട്ടുതരാമെന്നറിയിച്ചിട്ടുണ്ടെന്നും ഉടൻ ഇത് ഏറ്റുവാങ്ങി മലയാളസർവകലാശാലയിൽ കൊണ്ടുവരുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.കേരള ലാംഗ്വേജ് നെറ്റ്‍വർക്കിന്റെ ഉപകേന്ദ്രമായി സുകുമാർ അഴീക്കോടിന്റെ മ്യൂസിയം സ്ഥാപിക്കും.മലയാള സർവകലാശാലയിൽ കേരള ഭാഷാ നെറ്റ്‍വർക് ഓഫീസ് ഉദ്ഘാടനവും നാലുവർഷ ബിരുദ പ്രോഗ്രാം കെട്ടിടശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.മലയാള ഭാഷ, സാഹിത്യം എന്നിവയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവരും.
അധ്യാപനപരിശീലനത്തിനുള്ള കേന്ദ്രം, ശാസ്ത്ര സാങ്കേതികവിദ്യ പരിശീലനകേന്ദ്രം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ഗവേഷണം, ഗോത്രഭാഷ, ജെൻഡർ സ്റ്റഡീസ് ഇവയ്ക്ക് ഊന്നൽനൽകുന്ന മികവിന്റെ കേന്ദ്രങ്ങൾ വിവിധയിടങ്ങളിൽ ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.ജർമൻ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 25 പേർക്കുള്ള സർട്ടിഫിക്കറ്റ് മന്ത്രി വിതരണംചെയ്തു.കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി.വൈസ് ചാൻസലർ ഡോ. എൽ. സുഷമ, തിരൂർ ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ, സർവകലാശാലാ രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ.എം. ഭരതൻ, വിദ്യാർഥിക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ബിരുദ പഠനകേന്ദ്രം ഡയറക്ടർ ഡോ. സുധീർ എസ്. സലാം, വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ കെ. ഗായത്രി, കേരള ഭാഷാ നെറ്റ്‌വർക് കോഡിനേറ്റർ ഡോ. ജി. സജിന തുടങ്ങിയവർ പ്രസംഗിച്ചു.