താനൂർ : മൂലക്കൽ-ചീരാൻ കടപ്പുറം കനോലി കനാൽ ഇരുമ്പുപാലം വർഷങ്ങളായി അപകടഭീഷണിയിൽ. 2007-ൽ ജലസേചന വകുപ്പ് നിർമിച്ച ഇരുമ്പുപാലത്തിൽ 18 വർഷമായിട്ടും ഇതുവരെയും അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. താനാളൂർ പഞ്ചായത്ത്-താനൂർ നഗരസഭയെ ബന്ധിപ്പിക്കുന്ന കനോലി കനാലിനു കുറകെയുള്ള പ്രധാന നടപ്പാലമാണിത്. നൂറുകണക്കിന് ആളുകൾ ദിനംപ്രതി തീരദേശത്തേക്കും കിഴക്കൻ മേഖലകളിലേക്കും കാൽനടയായി യാത്ര ചെയ്യാൻ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.ഇതിൽ വലിയ വിള്ളലുകൾ രൂപപ്പെട്ട് തകർന്ന അവസ്ഥയിലാണ്. പലതവണ പ്രദേശവാസികൾ അധികാരികൾക്ക് പരാതികൾ നൽകിയിട്ടും പരിഹാരമായില്ല. താത്കാലികമായി നാട്ടുകാർ നിർമിച്ച പാലത്തിലൂടെയാണ് ഇപ്പോൾ ആളുകൾ നടക്കുന്നത്. ഈ പാലത്തിലൂടെയുള്ള യാത്രയും സുരക്ഷിതമല്ല.
വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന നാലുപതിറ്റാണ്ട് പഴക്കമുണ്ടായിരുന്ന കോൺക്രീറ്റ് പാലം തകർന്ന് രണ്ട് യുവാക്കൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 2007-ൽ പാലം നിർമിച്ചത്. സമീപത്തെ വിദ്യാലങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ ഈ പാലം വഴിയാണ് കടന്നുപോയിരുന്നത്. സ്കൂൾ വിട്ട് കുറച്ചുസമയത്തിനുശേഷം അപകടം നടന്നതിനാൽ വൻ ദുരന്തമാണ് അന്ന് ഒഴിവായത്. അതിനുശേഷം നാളിതുവരെയായിട്ടും പാലം അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.എഎൽപിഎസ് പുതുകുളങ്ങര, എസ്എംയുപി സ്കൂൾ, ദേവധാർ ഹയർസെക്കൻഡറി സ്കൂൾ, മദ്രസകൾ എന്നിവിടങ്ങളിലേക്ക് പ്രദേശത്തെ നൂറുകണക്കിന് വിദ്യാർഥികൾക്ക് യാത്ര ചെയ്യാനുള്ള ഏക ആശ്രയം ഇപ്പോൾ നാട്ടുകാർ നിർമിച്ച താത്കാലിക പാലമാണ്.തൊഴിലാളികളടക്കം നിരവധി പേർ കാൽനടയാത്ര ചെയ്യുന്ന ഈ പ്രദേശത്ത് ഇനിയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ എത്രയും വേഗം പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.