തിരൂർ :നഗരസഭയുടെയും എംഎൽഎയുടെയും ഫണ്ട് ഉപയോഗിച്ചു രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നവീകരണം ആരംഭിച്ചു. നാലു കോടി രൂപയുടെ പ്രവൃത്തികളാണ് ഇവിടെ നടത്തുന്നത്. ആദ്യഘട്ടമായി സ്റ്റേഡിയത്തിലെ ഫുട്ബോൾ ഗ്രൗണ്ടിൽ പ്രകൃതിദത്ത പുല്ല് വച്ചുപിടിപ്പിക്കും. ഇതിന്റെ പണി ഇന്നലെ തുടങ്ങി. ഗ്രൗണ്ടിലെ മണ്ണു നിരപ്പാക്കുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്നു പച്ചപ്പുല്ല് വിരിക്കും. തുടർന്ന്, സംരക്ഷണത്തിനായി സിന്തറ്റിക് ട്രാക്കിനു പുറത്ത് ഇരുമ്പുവേലി സ്ഥാപിക്കും. 1.05 കോടി രൂപ നഗരസഭ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ആറു ട്രാക്കുള്ള സിന്തറ്റിക് ട്രാക്ക് എട്ടു വരിയാക്കി വികസിപ്പിക്കുന്ന പണി ഇതിനു പിന്നാലെ നടക്കും.
കുറുക്കോളി മൊയ്തീൻ എംഎൽഎ ഇതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുദ്ധജലത്തിനായി കിണറും ടാങ്കും നിർമിക്കാൻ 15 ലക്ഷം രൂപയും സ്റ്റേഡിയത്തിൽ നട്ടുപിടിപ്പിക്കുന്ന പുല്ല് നനയ്ക്കാനുള്ള സംവിധാനത്തിന് 15 ലക്ഷം രൂപയും സ്റ്റേഡിയം പുഴയോര ഭിത്തിനിർമാണത്തിന് 30 ലക്ഷം രൂപയും നടപ്പാതയുടെ പൂർത്തീകരണത്തിന് 10 ലക്ഷം രൂപയും സ്റ്റേഡിയത്തിനടുത്തു ഹാപ്പിനസ് പാർക്ക് നിർമിക്കാൻ അഞ്ചു ലക്ഷം രൂപയും സ്റ്റേഡിയത്തിനടുത്തു ടേക്ക് എ ബ്രേക്ക് കെട്ടിടനിർമാണത്തിന് 20 ലക്ഷം രൂപയും പവിലിയൻ നിർമാണത്തിന് ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപയും നഗരസഭ നീക്കിവച്ചിട്ടുണ്ട്.
ആദ്യഘട്ട നിർമാണം നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണു കരുതുന്നത്. രാജീവ്ഗാന്ധി സ്റ്റേഡിയം നവീകരണം പൂർത്തിയാകുന്നതോടെ തിരൂരിലെ കായികപ്രേമികളുടെ വലിയ സ്വപ്നമാണു യാഥാർഥ്യമാകുന്നത്. കുറുക്കോളി മൊയ്തീൻ എംഎൽഎ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എ.പി.നസീമ ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട്, കെ.കെ.സലാം, കെ.അബൂബക്കർ, നിർമല കുട്ടിക്കൃഷ്ണൻ, പി.വി.സമദ്, എ.കെ.സെയ്താലിക്കുട്ടി, യാസർ പയ്യോളി, പി.കെ.കെ.തങ്ങൾ, ഷാഫി ഹാജി കൈനിക്കര, പി.അബ്ദുറഹ്മാൻ ഹാജി, കൊക്കോടി മൊയ്തീൻകുട്ടി ഹാജി എന്നിവർ പ്രസംഗിച്ചു. കെല്ലിനാണു നിർമാണച്ചുമതല.
പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ
നഗരസഭാ കൗൺസിലിന്റെ അനുമതി ഇല്ലാതെ നവീകരണ പ്രവൃത്തിക്കായി രാജീവ്ഗാന്ധി സ്റ്റേഡിയം വിട്ടുകൊടുക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ നഗരസഭാ ഓഫിസിനു മുന്നിൽ സമരം നടത്തി. പ്ലാനോ, എസ്റ്റിമേറ്റോ തയാറാക്കാതെ അനധികൃതമായാണു സ്റ്റേഡിയം നവീകരണം നടത്തുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.പ്രവൃത്തി കൗൺസിൽ പാസാക്കി സെക്രട്ടറി ഒപ്പുവച്ചിട്ടില്ല. സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയാണ് എംഎൽഎ ഉദ്ഘാടനം നടത്തിയത്. പ്രവൃത്തി ഉദ്ഘാടനത്തിൽനിന്നു സെക്രട്ടറിയും എൻജിനീയറും വിട്ടുനിന്നെന്നും ഉദ്ഘാടനച്ചടങ്ങ് ലീഗിന്റെ പരിപാടിയാക്കിയെന്നും അംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എസ്.ഗിരീഷ് ആധ്യക്ഷ്യം വഹിച്ചു. വി.നന്ദൻ, സി.നജ്ബുദ്ദീൻ, മിർഷാദ് പാറയിൽ, അനിത കല്ലേരി, കെ.പി.ജഫ്സൽ എന്നിവർ പ്രസംഗിച്ചു.