താനൂർ : താനാളൂർ പഞ്ചായത്തിലെ വട്ടത്താണി-വലിയപാടം റോഡിൽ വട്ടത്താണി ഖാദിരിയ നൂറുൽഹുദ പള്ളിയുടെ തെക്ക് ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ വയൽനിലം അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി ഉയരുന്നു.തിരൂർ-കടലുണ്ടി റോഡിൽനിന്ന് ഒന്നരമീറ്റർ താഴ്ചയിലുള്ള പാടത്തെ 50 സെൻറ് ഭൂമിയാണ് മണ്ണിട്ട് നികത്തുന്നത്.താനാളൂർ വില്ലേജിൽ 318 സർവേ നമ്പറിലുള്ള കൃഷിയോഗ്യമായ ഈ പാടം മണ്ണിട്ട് നികത്തിയാൽ വെള്ളക്കെട്ടും പാരിസ്ഥിതികപ്രശ്നങ്ങളും പ്രദേശത്ത് രൂക്ഷമാകും.അവധിദിവസങ്ങളിലും രാത്രികാലങ്ങളിലും വലിയ ടോറസ് ലോറിയിൽ മണ്ണടിച്ചാണ് പാടം നികത്തുന്നത്. ഇതുസംബന്ധിച്ച് പ്രദേശവാസികൾ താനാളൂർ വില്ലേജ് ഓഫീസർക്ക് പരാതി നൽകി. താനാളൂർ വില്ലേജ് പരിധിയിൽ സമീപകാലത്തായി ഉന്നതരുടെ ഇടപെടലിന്റെ ഭാഗമായി പാടശേഖരങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നതായി പരാതി ഉയരുന്നുണ്ട്.