എരമംഗലം : ജില്ലയിലെ ഒരേയൊരു തുറമുഖമായ പൊന്നാനി തുറമുഖത്തിന്റെ അത്രതന്നെ കാലപ്പഴക്കമുള്ളതാണ് പുതുപൊന്നാനി പുഴയോടുചേർന്നുള്ള വെളിയങ്കോട് അഴിമുഖം.അറബ്-പേർഷ്യൻ നാടുകളിൽനിന്ന് ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കച്ചവട ആവശ്യത്തിനായി പായക്കപ്പലുകളിൽ യാത്ര ചെയ്യുമ്പോൾ വിദേശികൾ വിശ്രമത്തിനായി തിരഞ്ഞെടുത്തിരുന്നത് അഴിമുഖത്തിനോടുചേർന്നുള്ള പുതുപൊന്നാനി, വെളിയങ്കോട് പ്രദേശങ്ങളായിരുന്നൂവെന്ന് ചരിത്രരേഖകകളിൽ പറയുന്നു. അറബിക്കടലും, പുതുപൊന്നാനി പുഴയും, കനോലി കനാലും തഴുകിനിൽക്കുന്ന ഇൗ പ്രദേശം പ്രകൃതിഭംഗികൊണ്ട് സുന്ദരമാണ്. ദേശീയപാത 66 തൊട്ടരികിലൂടെ കടന്നുപോകുന്നതും ഈ മേഖലയുടെ ടൂറിസം സാധ്യത വർധിപ്പിക്കുന്നു.
മാട്ടുമ്മൽ തുരുത്ത് പോലെയുള്ള ദ്വീപിന് സമാനമായ ഭൂപ്രദേശങ്ങളും വിശാലമായ കടൽത്തീരവും പുഴയോരവും ഉണ്ടായിട്ടും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ ഈ പ്രദേശത്തേക്ക് ഇതുവരെ പതിഞ്ഞില്ലെന്നതാണ് യാഥാർഥ്യം. പൊന്നാനി നഗരസഭ പുതുപൊന്നാനി മുനമ്പം ബീവി ജാറത്തിന് സമീപമായി ‘പുഴമുറ്റം പദ്ധതി’ പ്രഖ്യാപിച്ചിരുന്നൂവെങ്കിലും ഇതുവരെ തുടങ്ങാനായിട്ടില്ല. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ദേശീയപാത-66 പഴയകടവിനോട് ചേർന്നുള്ള പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഏക്കറോളം സ്ഥലത്ത് ചിൽഡ്രൻസ് പാർക്ക്, ജെട്ടി, പുരവഞ്ചിയിൽ വിനോദ സഞ്ചാരികളുമായി പുഴയിലൂടെയും കനോലി കനാലിലൂടെയും സഞ്ചരിക്കുന്നതിനും മാട്ടുമ്മൽ പ്രദേശത്ത് പാർക്ക് തുടങ്ങിയവയുടെ സമഗ്രപദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിനും മലപ്പുറം ഡിടിപിസിക്കും കൈമാറിയിട്ട് കാലങ്ങളായിട്ടും ഇതുവരെ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
വിനോദത്തിനും തീർഥാടന ടൂറിസത്തിനും സാധ്യത
വെളിയങ്കോടിനെയും പുതുപൊന്നാനിയെയും ബന്ധിപ്പിച്ച് അഴിമുഖത്തിന് കുറുകെയായി തൂക്കുപാലം നിർമിച്ചാൽ ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടനകേന്ദ്രങ്ങളായ പുതുപൊന്നാനി മുനമ്പം ബീവി ജാറം, വെളിയങ്കോട് ഉമർഖാസി ജാറം, വെളിയങ്കോട് സൂറത്ത് ജാറം, പുത്തൻപള്ളി ജാറം, പൊന്നാനി ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം പള്ളി, പൊന്നാനിയിലെ പള്ളികൾ, വെളിയങ്കോട് പണിക്കൻകാവ് ക്ഷേത്രം, പാലപ്പെട്ടി ക്ഷേത്രം, പൊന്നാനി തൃക്കാവ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് തീർഥാടന ടൂറിസം സാധ്യതയും ഉപയോഗപ്പെടുത്താം. ഇതോടെ പുതുപൊന്നാനി, വെളിയങ്കോട് തീരദേശ മേഖലയിലെ നൂറിലേറെ കുടുംബങ്ങൾക്ക് ചെറുകിട കച്ചവടവുമായി ഉപജീവനമാർഗവും കണ്ടത്തുന്നതും വഴിതുറക്കും.ഇതിനുപുറമെ വിനോദയാത്രക്കാരായെത്തുന്നവർക്ക് താമസം, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നതിനും തൊഴിൽ സാധ്യതകളും പദ്ധതിയിലൂടെ തുറക്കും.