താനൂർ ∙ ഗവ. ആശുപത്രിയിൽ വച്ച് കുട്ടിയുടെ സ്വർണമാല മാല മോഷ്ടിച്ച കേസിൽ 2 ഇതര സംസ്ഥാന സ്ത്രീകൾ പിടിയിൽ.ചെന്നൈ തമ്പുരാൻ ബസ് സ്റ്റാൻഡ് സ്വദേശികളായ മഞ്ചസ് (25), ദീപിക (40) എന്നിവരാണ് അറസ്റ്റിലായത്. എടക്കടപ്പുറം സ്വദേശിനിയുടെ കുട്ടിയുടെ കഴുത്തിൽ നിന്നും കഴിഞ്ഞ മാസം 20ന് ആണ് മാല മോഷണം പോയത്. സ്ത്രീയും കുട്ടിയും ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയതായിരുന്നു. ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.
ആശുപത്രിയിലെ സിസിടിവി ക്യാമറ കേന്ദ്രീകരിച്ച് ദിവസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടോണി ജെ.മറ്റം, സബ് ഇൻസ്‌പെക്ടർ എൻ.ആർ.സുജിത്, തുടങ്ങിയവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പിടികൂടിയത്.പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് മഞ്ചേരി ജയിലിലേക്ക് മാറ്റി.