എടപ്പാൾ: സംസ്ഥാനപാതയിലെ തൃശൂർ റോഡിൽ ജലജീവൻ പദ്ധതിക്കായി കുഴിച്ച കുഴികളിൽ നികത്തിയ മെറ്റൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഒലിച്ചുപോയി. തൃശൂർ റോഡിൽ മേൽപാലത്തിനു താഴെയുള്ള സർവീസ് റോഡ് മുതൽ നടുവട്ടം വരെയുള്ള ഭാഗത്തെ മെറ്റലാണ് ഇളകിപ്പോയത്.  മാസങ്ങൾക്കു മുൻപാണ് ഈ ഭാഗത്തു ജലജീവൻ പദ്ധതിക്കായി ചാലു കീറിയത്. പിന്നീടു പൈപ്പ് സ്ഥാപിച്ച ശേഷം കുഴികൾ മണ്ണിട്ടു മൂടി. ഈ മണ്ണ് ഭൂരിഭാഗവും മഴയിൽ ഒലിച്ചുപോയതോടെ കുഴികൾ രൂപപ്പെട്ടു. വ്യാപാരികൾ ഉൾപ്പെടെ ഒട്ടേറെത്തവണ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ചയാണ് ഇവിടെ മെറ്റലിട്ടു കുഴികൾ നികത്തിയത്.

എന്നാൽ ടാറിങ്ങോ കോൺക്രീറ്റിങ്ങോ ചെയ്യാത്തതിനാൽ മഴയിൽ ഇവയെല്ലാം ഇളകി റോഡിൽ പരന്നു. നടുവട്ടം കണ്ണഞ്ചിറ ഇറക്കത്തിലെ റോഡിൽ കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തിൽ മെറ്റൽ പരന്നു ഗതാഗതം തടസ്സപ്പെട്ടു. ഒഴുകിയെത്തിയ വെള്ളത്തോടൊപ്പം മെറ്റലും ഇളകിയെത്തുകയായിരുന്നു.  ബൈക്ക് യാത്രികരിൽ ചിലർ തെന്നിവീണതോടെ നാട്ടുകാർ ചേർന്ന് ഇവ നീക്കം ചെയ്താണു ഗതാഗത തടസ്സം ഒഴിവാക്കിയത്. റോഡരികിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. രാത്രി സഞ്ചരിക്കുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. മഴ ശക്തമാകുന്നതിനു മുൻപ് ഈ ഭാഗത്തു ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *