എടപ്പാൾ : മാസങ്ങളുടെ അധ്വാനത്തിനൊടുവിൽ കൊയ്‌തെടുത്ത നെല്ല് വിൽക്കാനായപ്പോൾ മില്ലുടമകളുടെ ഉപാധിയിൽപ്പെട്ട് കർഷകർ. പൊന്നാനി കോളിൽ നടന്ന പുഞ്ചക്കൃഷിയുടെ കൊയ്ത്താരംഭിച്ചപ്പോഴാണ് പുതിയ പ്രതിസന്ധി കർഷകർക്കുമുൻപിൽ മില്ലുകാരുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.സംഭരണത്തിനു നൽകുന്ന നെല്ലിൽ ജലാംശം 17 ശതമാനംവരെയെന്നതാണ് പതിവ്. ഇതിന് 100 കിലോയ്ക്ക് ഒരു കിലോ എന്ന കണക്കിൽ കിഴിവായിരുന്നു പതിവ് രീതി.എന്നാൽ ഈ വർഷം മില്ലുകാർ വെച്ച ഉപാധി പ്രകാരം 17 മുതൽ 20 ശതമാനം വരെ ജലാംശമുണ്ടെങ്കിൽ 100 കിലോയ്ക്ക് ആറു കിലോ വരെ തൂക്കക്കുറവ് വേണമെന്നതാണ്.അല്ലാത്തവരുടെ നെല്ല് സംഭരിക്കാൻ തയ്യാറല്ലെന്നതാണ് ഇവരുടെ നിലപാട്.ഇതിനുപുറമേ 20 ശതമാനത്തിൽ കൂടുതലുള്ള നെല്ല് ഉണക്കി നൽകണമെന്ന നിബന്ധനയും ഇവർ മുന്നോട്ടുവെയ്ക്കുന്നു.

ഇടക്കിടെയുള്ള മഴയുടെ വരവ് പുഞ്ചക്കർഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ്.മണിക്കൂറിൽ 1900 മുതൽ 2100 വരെ വാടക നൽകിയാണ് കൊയ്ത്തുയന്ത്രങ്ങൾ പല പാടശേഖരത്തിലുമെത്തിച്ചിട്ടുള്ളത്. മഴ കൂടുതലായാൽ നെല്ല് വെള്ളത്തിൽ വീണ് മുളയ്ക്കും. ചെയ്ത അധ്വാനമത്രയും പാഴാകും.ചെളിയിലിറങ്ങുന്ന കൊയ്ത്തുയന്ത്രം കൊണ്ടുവന്നാൽ വൈക്കോൽ നാശമാകും.ആ ഇനത്തിലും നഷ്ടം സംഭവിക്കും. 28.20 രൂപയ്ക്കാണ് ഇപ്പോൾ സപ്ലൈകോ നെല്ല് സംഭരിക്കുന്നത്.ഇതിൽ ഇത്രയുമധികം കിഴിവ്‌ പോയാൽ വലിയ നഷ്ടമാണ് കർഷകർക്കുണ്ടാകുക.പൊന്നാനി കോളിൽ 58 പാടശേഖരങ്ങളിലായി 5000-ത്തോളം ഹെക്ടർ പുഞ്ചപ്പാടത്തെ കർഷകരെയെല്ലാം പ്രയാസത്തിലാക്കുന്നതാണ് മില്ലുകാരുടെ പുതിയ നിലപാട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *